തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരികെ എത്താനൊരുങ്ങി കോടിയേരി ബാലകൃഷ്ണൻ.നാളെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.2020 നവംബർ 13 നാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് അവധിയെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കോടിയേരിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടി ചുമതലയിൽ നിന്നും തത്കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടിയേരി അവധിയിൽ പ്രവേശിച്ചത്. അർബുദത്തിന് തുടർചികിത്സ ആവശ്യമായതിനാൽ അവധി അനുവദിച്ചു എന്നാണ് സിപിഎം നൽകിയ വിശദീകരണം.തുടർന്ന് ഇടതുമുന്നണി കൺവീനർ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നൽകുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം ബിനീഷ് കോടിയേരി ജയിൽ മോചിതനായതോടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.