കൊച്ചി:ഉൽഘാടനത്തിനു മുൻപ് കൊച്ചി-വൈറ്റില മേല്‍പാലം തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോര്‍ കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.ജനുവരി അഞ്ചിന് വൈകിട്ട് ഏഴ് മണിയോടെയാണ് ആലപ്പുഴ ഭാഗത്ത് നിന്നുള്ള ബാരിക്കേഡ് മാറ്റി വാഹനങ്ങള്‍ കടത്തിവിട്ടത്. മറുവശം ബാരിക്കേഡിനാല്‍ അടച്ചിരുന്നതിനാല്‍ കാര്യമറിയാതെ പാലത്തില്‍ പ്രവേശിച്ച വാഹനങ്ങള്‍ കുടുങ്ങി. പൊലീസെത്തി വാഹനങ്ങള്‍ തിരിച്ചിറക്കുകയായിരുന്നു. കാറുകളും ലോറികളും ഉള്‍പ്പെടെ പാലത്തില്‍ കുടുങ്ങിയതോടെ അരമണിക്കൂറോളം ഗതാഗതക്കുരുക്കുമുണ്ടായി. പാലത്തില്‍ അതിക്രമിച്ച് കയറിയതിന് 10 വാഹന ഉടമകള്‍ക്കെതിരെയും കേസുണ്ട്.ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുൻപ് കഴിഞ്ഞിരുന്നു. നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോര്‍ കേരള പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.അതേസമയം നിപുണ്‍ ചെറിയാനെ ഫ്‌ളാറ്റ് വളഞ്ഞ് പ്രാകൃതമായ രീതിയിലാണ് അറസ്റ്റ് ചെയ്തതെന്ന് വി ഫോര്‍ കൊച്ചി-വി ഫോര്‍ കേരളാ പ്രതിനിധികള്‍ ആരോപിച്ചു.ട്രാഫിക് കൊണ്ട് വലയുന്ന പൊതുജനങ്ങള്‍ക്ക് പാലം തല്‍ക്കാലമായി തുറന്ന് കൊടുക്കുകയും പിന്നീട് സൗകര്യം പോലെ മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്താല്‍ മതിയെന്നുമാണ് സംഘടനയുടെ ആവശ്യം.അറസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വമാണ് കാണിക്കുന്നതെന്നും വി ഫോര്‍ കേരള പ്രതിനിധികൾ ആരോപിച്ചു.