കൊച്ചി:യാത്രക്കാർക്ക് ഇന്ന് സൗജന്യയാത്ര ഒരുക്കി കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളാഘോഷം.കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത് 19നായിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്.പുലർച്ചെ ആറിനു സർവീസ് ആരംഭിക്കുന്നതു മുതൽ രാത്രി പത്തിനു സർവീസ് അവസാനിക്കുന്നതുവരെ മെട്രോയിൽ സൗജന്യടിക്കറ്റിൽ യാത്ര ചെയ്യാം.മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് കൗണ്ടറിൽനിന്നു പോകേണ്ട സ്ഥലത്തേക്കു ടിക്കറ്റ് എടുക്കണം.എന്നാൽ പണം നൽകേണ്ടതില്ല. കോണ്‍കോഴ്സ് ഏരിയയിലേക്കുള്ള പ്രവേശന കവാടം തുറക്കാൻ ടിക്കറ്റിനു പുറത്തുള്ള ക്യൂ ആർ കോഡ് ഉപയോഗിക്കേണ്ടതിനാലാണിത്. ഇറങ്ങേണ്ട സ്റ്റേഷനിലും പതിവുപോലെ ടിക്കറ്റ് സ്കാൻ ചെയ്ത് പുറത്തുകടക്കണം.കൊച്ചി വണ്‍ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് കാർഡ് സ്വൈപ്പ് ചെയ്തും ഉള്ളിലേക്കു കടക്കാം. പക്ഷേ യാത്രയുടെ പണം കാർഡിൽനിന്ന് നഷ്ടമാകില്ല. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും പരിധിയില്ലാതെ യാത്ര ചെയ്യാം.സമയം കൂടുതൽ എടുത്തതിന്‍റെ പേരിലോ സ്റ്റേഷൻ മാറി ഇറങ്ങേണ്ടിവരുന്നതിന്‍റെ പേരിലോ പിഴ നൽകേണ്ടിവരില്ല. സാധാരണ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞാണ് ഇറങ്ങുന്നതെങ്കിൽ പുറത്തിറങ്ങാൻ അധിക നിരക്ക് നൽകണം. സൗജന്യയാത്രയുമായി ബന്ധപ്പെട്ട് മെട്രോയിൽ തിരക്കേറാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സുരക്ഷാ സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.