മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് നിന്ന് ബേപ്പൂര്‍ വഴി കണ്ണൂര്‍ അഴിക്കല്‍ തുറമുഖത്തേക്കുള്ള കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കം. ആഴ്ചയില്‍ രണ്ട് സര്‍വീസുമായി ഒരു കപ്പലാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. മുംബൈയിലെ റൗണ്ട് ദ കോസ്റ്റ് ഷിപ്പിങ് കമ്പനി ഫീഡര്‍ കപ്പലാണ് സര്‍വീസ് നടത്തുക. ദേശീയ ജലപാതയടക്കമുള്ളവ ഇതിനുപയോഗിക്കും. കൊച്ചിയില്‍ നിന്ന് മലബാര്‍ മേഖലയിലേക്ക് ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതോടെ കടത്ത് കൂലിയിനത്തില്‍ വന്‍ നേട്ടവും നിരത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയും. നിലവില്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട് മേഖലയിലേക്ക് റോഡ് മാര്‍ഗം ഒരു കണ്ടെയ്‌നര്‍ നീക്കത്തിന് 22,000-24,000 രൂപ വരെയാണ് കടത്തുകൂലി. കണ്ണൂരിലേക്കിത് 36,000 രൂപ വരെയാകും. ചരക്ക് കപ്പല്‍ വഴിയാണങ്കില്‍ കണ്ടെയ്‌നറൊന്നിന് 16,000 മുതല്‍ 25,000 രൂപ വരെയായി കുറയുമെന്നാണ് ഏജന്റുമാര്‍ പറയുന്നത്. പ്രതിമാസം 4000-4500 കണ്ടെയ്‌നര്‍ വരെ കൊച്ചിയില്‍ നിന്ന് മലബാറിലേയ്ക്ക് നീങ്ങുന്നുണ്ട്. ഇത് കണക്കാക്കിയാല്‍ പ്രതിമാസ കടത്തുക്കൂലി നേട്ടം 35-40 കോടി രൂപ വരെയാകും.ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, സിമന്റ്, ടൈലുകള്‍ തുടങ്ങിയവയാണ് കൂടുതലായി കടത്തുന്നത്. മലബാറില്‍ നിന്ന് പച്ചക്കറികളും, ഊട്ടിയിലെ ഫലങ്ങളുമടക്കമുള്ളവ നീക്കത്തിനും ശ്രമങ്ങള്‍ തുടങ്ങി. കോട്ടയത്ത് നിന്ന് ചരക്ക് കണ്ടെയ്‌നറുകള്‍ ഫീഡര്‍ വഴി കൊച്ചിയിലെത്തിക്കുന്ന സംവിധാനം നിലവിലുണ്ട്. അടുത്തഘട്ടമായി കൊച്ചി – കൊല്ലം – വിഴിഞ്ഞം കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് നീക്കം. ഇതോടെ കൊച്ചിയില്‍ സമുദ്രോത്പന്ന, കയര്‍, കശുവണ്ടിയടക്കമുള്ള കയറ്റുമതി കണ്ടെയ്‌നറുകളുമെത്തും.