കൊച്ചി:മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം നേതാവുമായ കെ.എം മാണി(86) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായെങ്കിലും പിന്നീട് നില വഷളാവുകയായിരുന്നു. അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ചു മണിയോട് കൂടിയാണ് മരണം സംഭവിച്ചത്.മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രലില്‍ കെഎം മാണിയുടെ സംസ്‌ക്കാരം നടക്കും.ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പും അദ്ദേഹത്തെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വൈകിട്ട് മൂന്ന് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മരണ സമയത്ത് ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, പേരക്കുട്ടികള്‍ എന്നിവര്‍ മാണിയുടെ സമീപത്തുണ്ടായിരുന്നു. ജോസ് കെ മാണിയെ കൂടാതെ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും കെഎം മാണിയുടെ മക്കളാണ്.