Kerala, News

കിഴക്കമ്പലം അക്രമസംഭവം;164 പേര്‍ റിമാൻഡിൽ

keralanews kizhakkambalam violance case 164 remanded

കൊച്ചി:കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായ അക്രമസംഭവത്തിൽ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് സംഘത്തെ തടഞ്ഞുവെച്ച്‌ മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും പ്രതികള്‍ക്കുമേൽ ചുമത്തിയിരിക്കുന്നത്.സംഭവത്തില്‍ പിടിയിലായ പ്രതികളെ കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍. ഉഷയ്ക്കു മുൻപാകെ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് എത്തിച്ചത്. പ്രതികളുടെ എണ്ണം കൂടുതലായതിനാല്‍ കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. രണ്ട് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷം അറിഞ്ഞത്തിയ കുന്നത്തുനാട് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. വി.ടി. ഷാജന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ തടഞ്ഞുവച്ച്‌ മര്‍ദ്ദിച്ച്‌ വധിക്കാന്‍ ശ്രമിച്ചതിനാണ് ആദ്യത്തെ കേസ്. രണ്ടാമതായി പോലീസ് വാഹനം കത്തിച്ച്‌ പൊതുമുതല്‍ നശിപ്പിച്ചതിനും.ആദ്യത്തെ കേസില്‍ 51പേരാണ് പ്രതികള്‍. ഇവരെയാണ് ആദ്യം കോടതിയില്‍ ഹാജരാക്കിയത്. കല്ല്, മരവടി എന്നിവ ഉപയോഗിച്ച്‌ പോലീസിനെ ആക്രമിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാവിലെ കോടതിക്കു മുന്നില്‍ പ്രതികളെ കൊണ്ടുവന്ന പോലീസ് വാഹനമെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി സംഘര്‍ഷാവസ്ഥയുണ്ടാക്കി. പിന്നീട് പോലീസ് നയപരമായി നാട്ടുകാരെ കൂടുതല്‍ ബഹളമുണ്ടാക്കാതെ നിയന്ത്രിച്ചു മാറ്റിയ ശേഷമാണ് ശക്തമായ കാവലില്‍ പ്രതികളെ കോടതിക്ക് അകത്തക്ക് പ്രവേശിപ്പിച്ചത്.ആകെ 164 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ പോലീസുകാരെ ആക്രമിച്ചതുള്‍പ്പെടെയുള്ള അതിക്രമങ്ങളില്‍ തിരിച്ചറിഞ്ഞ പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്.തിങ്കളാഴ്ച 25 പ്രതികളെ രാവിലെയും, 25 പേരെ ഉച്ചയ്ക്കും, വൈകിട്ട് അഞ്ചരയോടെ 26 പേരെയും, രാത്രിയില്‍ മജിസ്ട്രേട്ടിന്റെ വസതിയില്‍ 88 പേരെയും, ഇന്ന് പുലര്‍ച്ചെ അഞ്ചു പേരെയും ഹാജരാക്കി. സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള നിയമസഹായ വേദിയുടെ (കൈല്‍സ) വക്കീലായ അഡ്വ: ഇ.എന്‍. ജയകുമാറാണ് പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികളുടെ എണ്ണം കൂടുതലുള്ളതിനാല്‍ വിയ്യൂര്‍ സ്പെഷ്യല്‍ ജയിലിലാണ് പ്രതികളെ പാര്‍പ്പിക്കുന്നത്.

Previous ArticleNext Article