കൊച്ചി:നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി തെലുങ്കാന സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേയ്ക്ക് യാത്രതിരിക്കും. കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചക്കായാണ് കിറ്റെക്സിന്റെ എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തെലുങ്കാനയിലക്ക് പോകുന്നത്. കൂടിക്കാഴ്ച്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. രാവിലെ പത്തരയോടെയാകും സാബു ജേക്കബ് യാത്ര തിരിക്കുക. നിക്ഷേപം നടത്താന്‍ വന്‍ ആനൂകൂല്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എം ഡി ടെലിഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് തെലങ്കാനയിലേയ്ക്ക് പോകുന്നത് എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു ജേക്കബിനൊപ്പം ഡയറക്ടർമാരായ കെഎൽവി നാരായണൻ, ബെന്നി ജോസഫ്, ഓപ്പറേഷൻസിന്റെ വൈസ് പ്രസിഡന്റ് ഹർകിഷൻ സിങ് സോധി, സിഎഫ്ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ തുടങ്ങിയ ആറംഗ സംഘമാണ് കൊച്ചിയിൽ നിന്ന് തിരിക്കുന്നത്.