മട്ടന്നൂർ:വിമാനത്താവളത്തോടൊപ്പം കണ്ണൂരിൽ കിൻഫ്ര പാർക്കും യാഥാർഥ്യമാകുന്നു. മട്ടന്നൂരിനടുത്ത കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ ഏറ്റെടുത്ത 140 ഏക്കർ സ്ഥലത്താണ് പാർക്ക് വരുന്നത്.ഇവിടേക്കുള്ള കോടികൾ ചിലവിട്ട് നിർമിക്കുന്ന റോഡിന്റെ മെക്കാഡം ടാറിങ് പുരോഗമിക്കുകയാണ്. പാർക്കിന്റെ ചുറ്റുമതിലും പ്രവേശന കവാടവും നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രാരംഭ പ്രവൃത്തികൾ എന്ന നിലയ്ക്കാണ് റോഡ് പണി ആരംഭിക്കുന്നത്.കണ്ണൂർ വിമാനത്താവളത്തിന്റെ വ്യവസായ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വൻകിട വ്യവസായ പദ്ധതികൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് വ്യവസായ പാർക്കിന്റെ ലക്‌ഷ്യം.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമാണ് വെള്ളിയാംപറമ്പിൽ വ്യവസായ പാർക്കിനു തറക്കല്ലിട്ടത്.എന്നാൽ പദ്ധതി എങ്ങുമെത്താതെ കിടക്കുകയായിരുന്നു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തു നിന്നും മരംകൊള്ളയും മറ്റും വ്യാപകമായതോടെയാണ് നാല് വർഷം മുൻപ് സ്ഥലത്തിന് ചുറ്റും മതിൽ കെട്ടുകയും പ്രവേശന കവാടം നിർമിക്കുകയും ചെയ്തത്. പദ്ധതിയുടെ ആദ്യപടി എന്ന നിലയിൽ 13 കോടി രൂപ ചിലവിട്ട് അഞ്ചു കിലോമീറ്ററോളം നീളത്തിലുള്ള റോഡാണ് ഇപ്പോൾ നിർമിക്കുന്നത്.ഇത് പൂർത്തിയാകുന്നതോടെ അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.നവംബർ ആദ്യവാരത്തോടെ റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കി നൽകാനാണ് തീരുമാനം.