മംഗളൂരു:കൊലക്കത്തിക്ക് മുന്നിൽ നിന്നും വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയ മലയാളി നഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്ക്കാരം.മംഗളൂരു ദെര്‍ളഗട്ടെ കെ.എസ്.ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് നിമ്മി സ്റ്റീഫനാണ് കര്‍ണാടക സംസ്ഥാനതല ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്ക്കാരം ലഭിച്ചത്.ശനിയാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും.ഇക്കഴിഞ്ഞ ജൂൺ 28 ന് കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാര്‍ഥിനിയെ ദര്‍ളഗെട്ടെയില്‍വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണിത്.12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.കൊലക്കത്തിക്കു മുന്നില്‍നിന്ന് സ്വന്തം ജീവന്‍ മറന്ന് യുവതിയെ രക്ഷിക്കാന്‍ നിമ്മി കാണിച്ച ധീരതയാണ് ഇവരെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.