Kerala, News

കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്ക് ഓട്ടോ നീം ജി നിരത്തിലിറങ്ങി;കന്നിയാത്രക്കാരായി മന്ത്രിമാരും

keralanews keralas own electric auto neem g on roads from today

തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്ക് ഓട്ടോയായ നീം ജി നിരത്തിലിറങ്ങി.10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഓട്ടോകളുടെ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തു.വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുമായി എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോയുടെ ആദ്യ യാത്ര.വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇ-ഓട്ടോ നിര്‍മിച്ച്‌ നിരത്തിലിറക്കിയത്.കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നത്.കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്.മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പുര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം.60 വാട്ട് ‘ലിഥിയം അയണ്‍’ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച്‌ ബാറ്ററി റീച്ചാര്‍ജ്ജ് ചെയ്യാം. ഡീസല്‍, പെട്രോള്‍ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ മലിനീകരണം ഇ ഓട്ടോയില്‍ നിന്നുണ്ടാകില്ല. ശബ്ദമലിനീകരവണവുമില്ല. കുലുക്കവും തീരെ കുറവായിരിക്കും.2.8 ലക്ഷം രൂപയാണ് ഇ-ഓട്ടോയുടെ വില. ഇതില്‍ ഏകദേശം 30,000 രൂപയോളം സബ്‌സിഡി ലഭിക്കും.നിലവില്‍ കെ.എ.എല്‍. വഴി നേരിട്ടായിരിക്കും ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം നിരീക്ഷിച്ച്‌ ഡീലര്‍ഷിപ്പ് വഴി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കും. നിര്‍മാണം കൂടുന്നതിനനുസരിച്ച്‌ വില്‍പ്പനശാലകളും സര്‍വീസ് സെന്റുകളും വ്യാപകമാക്കാനാണ് കെ.എ.എല്ലിന്റെ പദ്ധതി.

Previous ArticleNext Article