ന്യൂഡൽഹി:കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ വാറ്റ് നികുതി കുറച്ച് വിവിധ സംസ്ഥാനങ്ങളും.ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്.ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു.ഗുജറാത്ത്, അസം, ത്രിപുര, സിക്കിം, ഗോവ, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതമാണ് കുറച്ചത്.ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. ഉത്തരാഖണ്ഡിൽ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്. അതേസമയം കേരളത്തിൽ വാറ്റ് കുറയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതോടെ പെട്രോളിന് 6 രൂപ 57 പൈസയും, ഡീസലിന് 12.33 രൂപയുടെ കുറവുമാണ് കേരളത്തിൽ ഉണ്ടായത്. കേരളത്തിന്റെ അയൽസംസ്ഥാനമായ കര്‍ണാടകയില്‍ ഒരു ലിറ്റര്‍ ഡീസലിന് 85.03 രൂപയും പെട്രോളിന് 100.63 രൂപയുമാണ് നിലവിലെ വില.മാഹിയിൽ ഒരു ലിറ്റർ ഡീസലിന് 80 രൂപയായി കുറഞ്ഞു.കണ്ണൂര്‍ ജില്ലയെക്കാള്‍ മാഹിയില്‍ ഇന്ധന വില കുറഞ്ഞത് തലശ്ശേരി, പാനൂര്‍, പെരിങ്ങത്തൂര്‍ മേഖലകളിലുള്ളവര്‍ക്ക് ആശ്വാസകരമായിരിക്കുകയാണ്.വടകരയില്‍ നിന്നും കൂത്തുപറമ്പിൽ നിന്നും വാഹനയാത്രക്കാര്‍ മാഹിയിലെ പെട്രോള്‍ പമ്പുകളിലേക്ക് കുറഞ്ഞവിലയിലുള്ള എണ്ണയടിക്കാന്‍ എത്തുന്നുണ്ട്.കേന്ദ്രസര്‍ക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മയ്യഴി മേഖലയില്‍ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയി വരുന്ന സ്വകാര്യബസുകളും മാഹിയില്‍ നിര്‍ത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്.പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വ്യാഴാഴ്ച്ചത്തെ വില.അതേ സമയം മാഹിക്ക് തൊട്ടടുത്ത് കിടക്കുന്ന തലശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്.