തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിനു പുതിയ നേട്ടം.പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായിരിക്കുകയാണ് കേരളം.മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടമാണ് കേരളം സ്വന്തമാക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്‍ഡഡ് സ്കൂളുകളില്‍ ഹൈടെക് സ്മാർട്ട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്.16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്‌മാര്‍ട്ട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4,752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാംഘട്ടത്തില്‍ സജ്ജമാക്കി.ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി.പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതായിരുന്നു അടുത്ത ഘട്ടം. 11,275 ഹൈടെക് ലാബുകളും സജ്ജമാക്കി. ഈ രണ്ടു പദ്ധതികളും പൂര്‍ത്തിയായതോടെ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സ്കൂളുകള്‍ സ്മാര്‍ട്ടാക്കുന്നതിനായി അതിവേഗ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനായി. പരാതി പരിഹാരത്തിന് വെബ് പോർട്ടലും കോൾ സെന്‍ററുമുണ്ട്. അടിസ്ഥാന സൌകര്യമൊരുക്കാന്‍ 730 കോടിരൂപയാണ് ചെലവഴിച്ചത്. കിഫ്ബിയില്‍ നിന്ന് മാത്രം 595 കോടി രൂപ വിദ്യാഭ്യാസ മേഖലക്കായി മാറ്റി.പൊതുവിദ്യാലയങ്ങളുടെ പഠന സൗകര്യങ്ങളിലുണ്ടായ ഈ കുതിച്ചു ചാട്ടത്തോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് അവസാനിച്ചെന്നും അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതു വിദ്യാലയങ്ങളില്‍ എത്തിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.