Kerala, News

രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ‘കേരള സവാരി’ക്ക് തുടക്കം; രാജ്യത്തിനാകെ മാതൃകയെന്ന് പിണറായി

keralanews kerala savari the first online taxi service in the government sector in the country launched

തിരുവനന്തപുരം: രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിക്ക് തുടക്കമായി.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.പുതിയ ഉദാരവല്‍ക്കരണ നയങ്ങള്‍ പരമ്പരാഗത തൊഴില്‍ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തില്‍ ചൂഷണമില്ലാത്ത ഒരു വരുമാന മാര്‍ഗം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഉറപ്പിക്കാന്‍ തൊഴില്‍ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരിയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിനു ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവര്‍ക്കും പൊലീസ് ക്ലിയറന്‍സ് ഉണ്ടായിരിക്കും.അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി കേരള സവാരി ആപ്പില്‍ ഒരു പാനിക്ക് ബട്ടണ്‍ സംവിധാനമുണ്ട് . ഡ്രൈവര്‍ക്കോ യാത്രികര്‍ക്കോ പരസ്പരം അറിയാതെ ഈ ബട്ടണ്‍ അമര്‍ത്താനാകും. ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സേവനം വേഗത്തില്‍ നേടാന്‍ ഇത് ഉപകരിക്കും.കേരള സവാരി വെബ്‌സൈറ്റ് ഗതാഗത മന്ത്രി അഡ്വ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ ആദ്യ സവാരി ബുക്ക് ചെയ്ത് യാത്ര ചെയ്തു. കേരള സവാരി പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ പ്രവർത്തനമാരംഭിച്ചു. കോള്‍ സെന്റര്‍ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച്‌ അഭിപ്രായങ്ങളും പരാതികളും അറിയിക്കാവുന്നതാണ്. കേരള സവാരി ആപ്പ് ഇന്ന് അർധരാത്രി മുതല്‍ പ്ലേസ്റ്റോറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 22 പേര്‍ വനിതകളാണ്. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്.
പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് പദ്ധതിക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.

Previous ArticleNext Article