Kerala, Sports

രഞ്ജി ട്രോഫി ക്രിക്കറ്റിൽ നിന്നും കേരളം പുറത്ത്;വിദര്‍ഭക്കെതിരെ ഇന്നിംഗ്‌സ് തോല്‍വി

keralanews kerala out from renji trophy cricket innings defeat against vidarbha

കൃഷ്ണഗിരി:രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 11 റണ്‍സിനുമാണ് കേരളം പരാജയപ്പെട്ടത്.രഞ്ജിയിൽ ചരിത്രത്തിലാദ്യമായി ഫൈനൽ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളം 24.5 ഓവറില്‍ 91 റണ്‍സിന് എല്ലാവരും പുറത്തായി.വിദര്‍ഭയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്. വിദര്‍ഭ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. രണ്ടിന്നിങ്സിലുമായി കേരളത്തിന്റെ 12 വിക്കറ്റുകളാണ് ഉമേഷ് യാദവ് എറിഞ്ഞിട്ടത്.102 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ കളി തുടങ്ങിയ കേരളം ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 59 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കേരളം ശേഷിക്കുന്ന ഒമ്ബത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. അരുണ്‍ കാര്‍ത്തിക് (32), ജലജ് സക്‌സേന (7), വിഷ്ണു വിനോദ് (15), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5), രാഹുല്‍ പി (0), ബേസില്‍ തമ്ബി (2), സിജോമോന്‍ ജോസഫ് (17), നിധീഷ് എം.ഡി (3) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ വിദര്‍ഭ 208 റണ്‍സ് നേടി 102 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയിരുന്നു. മികച്ച സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന വിദര്‍ഭയെ പേസര്‍ സന്ദീപ് വാര്യരുടെ ബൗളിങ്ങാണ് ഒതുക്കാന്‍ സഹായിച്ചത്. സന്ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം വീണ അഞ്ചു വിക്കറ്റുകളില്‍ മൂന്നും സന്ദീപ് വാര്യര്‍ സ്വന്തമാക്കി.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിദര്‍ഭയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ക്ഷണത്തില്‍ തന്നെ നിലംപൊത്തുന്നതാണ കൃഷ്ണഗിരിയില്‍ കണ്ടത്.വിദര്‍ഭ സമ്മാനിച്ച ചെറു ലീഡിനെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ അടിപതറി. രണ്ടക്കം കാണിക്കാതെ ജലജ് സക്സേനയെ മടക്കി അയച്ചത് ഉമേഷ് യാദവ്. ഉമേഷിന്റെ പാത പിന്തുടര്‍ന്ന യാഷ് താക്കൂറും കേരളത്തിന്റെ ബാറ്റിങ് നിരയെ വിറപ്പിച്ചു. രണ്ടാം ഊഴത്തില്‍ മൂന്നു പേര്‍ മാത്രമാണ് കേരളത്തിന്റെ നിരയില്‍ രണ്ടക്കം കണ്ടത്. ചീട്ടുകൊട്ടാരം പോലെയായിരുന്നു കേരളത്തിന്റെ തകര്‍ച്ച.ഒന്ന് പൊരുതാന്‍പോലുമാകാതെയാണ് കേരളം കീഴടങ്ങിയത്.തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരളത്തിന്റെ കുതിപ്പ് വിദര്‍ഭയ്ക്ക് മുന്നില്‍ അവസാനിക്കുന്നത്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ തോറ്റ കേരളം ഇത്തവണ സെമിയില്‍ പരാജയപ്പെട്ടുവെന്ന വ്യത്യാസം മാത്രം.

Previous ArticleNext Article