Kerala, News

കേരളം വീണ്ടും നിപ്പ ഭീതിയില്‍; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം തുടരുന്നു;ഒരാഴ്ച നിര്‍ണ്ണായകമെന്ന് ആരോഗ്യമന്ത്രി

keralanews kerala in fear of nipah again efforts are on to find the source health minister says next one week is crucial

കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും നിപ്പ ഭീതി.വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വരുന്ന ഒരാഴ്ച നിര്‍ണ്ണായകമെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വ്യാപന ശേഷി കുറവും മരണനിരക്ക് കൂടുതലുമുള്ള ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിപ്പ ബാധിച്ച മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടൈന്‍മെന്‍റ്  സോണാക്കിയിട്ടുണ്ട്.നിപ്പ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച്‌ 188 പേരാണ് കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടത്.ഇതിൽ 136 പേർ ആരോഗ്യപ്രവർത്തകരാണ്. 100 പേർ മെഡിക്കൽ കോളേജിലും 36 പേർ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്.ഇതില്‍ 20 പേര്‍ ഹൈറിസ്‌ക് പട്ടികയിലുണ്ട്.സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തി ഐസൊലേഷൻ കൃത്യമായി നടപ്പാക്കിയാൽ വ്യാപനമുണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.അതേസമയം കുട്ടിയുടെ അമ്മയ്‌ക്ക് നേരിയ പനി അനുഭവപ്പെട്ടത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. ഇവരെ സുരക്ഷിതമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് വിവരം. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും സ്വകാര്യ ആശുപത്രിയിലേയും രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അസാധാരണമായി ആര്‍ക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ വന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിപ്പ പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ലാബ് സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്.എന്‍ഐവി സംഘമാണ് ലാബ് സജ്ജീകരിക്കുക.നിപ്പ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഇവിടെ ട്രൂനാറ്റ് പരിശോധന നടത്തും.

Previous ArticleNext Article