ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ രാജ്യം മുഴുവനും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് അശ്വിനി കുമാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കുമെന്നും, ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.വാക്സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് ലഭിക്കുക എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.