തിരുവനന്തപുരം: കേരള ബാങ്കിന്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റു. സി പി എം സംസ്ഥാന സമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റും, എം.കെ കണ്ണൻ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു.2019 നവംബര്‍ 26-നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്. ഒരുവര്‍ഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്പാസഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്.മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാപ്രതിനിധി തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫ് ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഭരണ സമിതിയിലെത്തിയ 14 പേരും ഇടതുമുന്നണി പ്രതിനിധികളാണ്. സി പി എമ്മിന്‍റെ 12 പേരും സി പി ഐ, കേരളാ കോൺഗ്രസ് എം പാർട്ടികളിൽ നിന്ന് ഓരോരുത്തരുമാണ് അംഗങ്ങള്‍. അഡ്വ. എസ്. ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി. ലാലു (കൊല്ലം), എസ്. നിര്‍മല ദേവി (പത്തനംതിട്ട), എം. സത്യപാലന്‍ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എം.കെ. കണ്ണന്‍ (തൃശ്ശൂര്‍), എ. പ്രഭാകരന്‍ (പാലക്കാട്), പി. ഗഗാറിന്‍ (വയനാട്), ഇ. രമേശ് ബാബു (കോഴിക്കോട്), കെ.ജി. വത്സല കുമാരി (കണ്ണൂര്‍), സാബു അബ്രഹാം (കാസര്‍കോട്) എന്നിവരെയാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തത്.