കണ്ണൂർ:കേരളബാങ്ക് ജില്ലയിൽ 10 എടിഎമ്മുകൾ കൂടി തുറന്നു.കണ്ണപുരം,പിലാത്തറ,മാതമംഗലം,കടന്നപ്പള്ളി,അഴീക്കോട്,ചക്കരക്കൽ,കൂത്തുപറമ്പ്,മട്ടന്നൂർ,പേരാവൂർ,ഇരിട്ടി,എന്നിവിടങ്ങളിലാണ് തുടങ്ങിയത്.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി എ ടി എമ്മുകളുടെ ഉൽഘാടനം നിർവഹിച്ചു.ഇതോടെ ജില്ലയിൽ ബാങ്കിന് ഒരു മൊബൈൽ എടിഎം ഉൾപ്പെടെ 31 എ ടി എമ്മുകളായി.സഹകരണ മേഖലയ്ക്ക് അന്യമായിരുന്ന ആധുനിക ബാങ്കിങ് സേവനം എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് കേരളാ ബാങ്ക് വഴി സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.മൂന്നുവർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടി രൂപയുടെ ബിസിനസ്സ് ബാങ്കിന് നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് രാജൻ അധ്യക്ഷനായി.ചീഫ് ജനറൽ മാനേജർ കെ.സി സഹദേവൻ,റീജിയണൽ ജനറൽ മാനേജർ എ.അനിൽകുമാർ എന്നിവർ സംസാരിച്ചു.
ചക്കരക്കല്ലിൽ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ലക്ഷ്മി,മാതമംഗലത്ത് എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ,കണ്ണപുരത്ത് പഞ്ചായത്ത് അംഗം കെ.മോഹനൻ,പേരാവൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ്,മട്ടന്നൂരിൽ നഗരസഭാ ചെയർ പേഴ്സൺ അനിത വേണു,പിലാത്തറയിൽ പഞ്ചായത്ത് അംഗം കെ,ജനാർദനൻ,ഇരിട്ടിയിൽ മുനിസിപ്പൽ ചെയർമാൻ പി.പി അശോകൻ,അഴിക്കോട് സി.ഉദയചന്ദ്രൻ,കൂത്തുപറമ്പിൽ മുനിസിപ്പൽ ചെയർമാൻ എം.സുകുമാരൻ,കടന്നപ്പള്ളിയിൽ കേരളദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു എന്നിവർ നാടമുറിച്ചു..