കൊൽക്കത്ത:ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം കേരളം(4-2) സ്വന്തമാക്കി.ബംഗാളിനെതിരായ ഫൈനലിന്റെ നിശ്ചിത സമയത്തും അധികസമയത്തും സമനിലയായതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വെന്നിക്കൊടി പാറിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആറാം കിരീടമാണിത്.1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എന്നാല്‍ അധിക സമയത്തിന്റെ രണ്ടാം പകുതിയില്‍ പകരക്കാരാനായി ഇറങ്ങിയ വിപിന്‍ തോമസ് ഗോള്‍ നേടിയതോടെ കേരളം ആഘോഷിച്ചു തുടങ്ങി. എന്നാല്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ ത്രിതങ്കര്‍ സര്‍ക്കാര്‍ ഗോള്‍ കണ്ടെത്തിയതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.പെനാൽറ്റിയിലേക്കു നീണ്ടതോടെ ഷൂട്ടൗട്ടിൽ ബംഗാളിന്റെ ആദ്യ കിക്ക് കേരള കീപ്പർ വി. മിഥുൻ തടഞ്ഞു. കേരളത്തിന്റെ കിക്ക് ലക്ഷ്യംകാണുകയും ചെയ്തു. ബംഗാളിന്റെ രണ്ടാം കിക്കിനും കേരളത്തിന്റെ പ്രതിരോധം മറികടക്കാനായില്ല. രണ്ടാം തവണയും കേരളം ലക്ഷ്യംകാണുകയും ചെയ്തതോടെ സമ്മർദം ബംഗാളിനൊപ്പമായി. എന്നാൽ ബംഗാളിന്റെ മൂന്നാം കിക്ക് ലക്ഷ്യത്തിലെത്തി. ഇതോടെ സ്കോർ 2-1 ആയി. കേരളത്തിന്റെ മൂന്നാം കിക്ക് ബംഗാളിന്റെ വല തകർത്തതോടെ ഗാലറിയിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു.14 വർഷത്തിനുശേഷമാണു കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. 2005ലാണ് ഇതിനു മുൻപുള്ള കിരീടനേട്ടം. പത്തൊൻപതാം മിനുറ്റില്‍ എം.എസ് ജിതിനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. മൈതാന മധ്യത്തു നിന്ന് പന്തുമായി കുതിച്ച ജിതിന് ഡിഫന്റര്‍മാരെയും മറികടന്ന് ബംഗാള്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി ബംഗാളിന്റ കുതിപ്പായിരുന്നു. ബംഗാളിന്റെ മുന്നേറ്റ നിര നിരന്തരം കേരളത്തിന്റെ ഗോള്‍ മുഖം വിറപ്പിച്ചു. ഗോളുന്നറച്ച ചില നീക്കങ്ങള്‍ കേരളത്തിന്റെ ഗോളിയുടെ മികവില്‍ വഴിമാറി. എന്നാല്‍ അറുപത്തിയെട്ടാം മിനുറ്റില്‍ ബംഗാളിന്റെ അധ്വാനം ഫലം കണ്ടു. രാജന് ബര്‍മാന്റെ കിടിലന്‍ പാസില്‍ ജിതിന് മുര്‍മു ഗോള്‍ കണ്ടെത്തിയതോടെ ബംഗാള്‍ ഒപ്പമെത്തി.90 മിനുറ്റുകളിലും വിജയഗോള്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് പോയത്.അധികസമയത്ത് ജസ്റ്റിൻ ജോർജിന്റെ ക്രോസിൽനിന്ന് വിപിൻ തോമസ് കേരളത്തിനുവേണ്ടി ലക്ഷ്യംകണ്ടു. കേരളം 2-1നു മുന്നിൽ. എന്നാൽ, അവസാന മിനിറ്റിൽ ബംഗാൾ ഫ്രീകിക്ക് ഗോളിലൂടെ 2-2ന് ഒപ്പമെത്തി. അതോടെ വിധിനിശ്ചയം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ താരമായത് മിഥുനും.