
കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരുമായി കേന്ദ്ര സംഘം നാളെ ചർച്ച നടത്തും.വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളൂരു മേഖല ഓഫീസിലെ റിസേർച് ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ബൈപാസ് നിർമിക്കുന്നത് സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഇന്ന് കീഴാറ്റൂരിലെത്തും.സ്ഥലം സന്ദർശിക്കുന്ന സംഘം നാളെ കീഴാറ്റൂരിലെ നാട്ടുകാരുമായും വയൽക്കിളി പ്രവർത്തകരുമായും ചർച്ച നടത്തും. റെവന്യൂ,കൃഷി വകുപ്പ്,ദേശീയപാത വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പരാതിയിലാണ് കേന്ദ്ര സംഘം പരിശോധനയ്ക്കായി എത്തുന്നത്. ഉദ്യോഗസ്ഥർക്ക് മുൻപാകെ കുമ്മനവും ഹാജരാകും.