തിരുവനന്തപുരം:കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിയുമായി ബുധനാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. കീഴാറ്റൂർ ബൈപാസ് നിർമ്മാണത്തിനെതിരെ വയൽക്കിളികൾ പ്രക്ഷോഭം ശക്തമാക്കിയതോടെ ഇവിടെ ബദൽ മാർഗം കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് സർക്കാർ.വയൽ നികത്തി ബൈപാസ് നിർമിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണ് വയൽക്കിളികൾ. ബദൽ മാർഗം കണ്ടെത്തിയില്ലെങ്കിൽ ലോങ്ങ് മാർച്ച് അടക്കമുള്ള സമരം തുടങ്ങുമെന്നും വയൽക്കിളികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരനും കീഴാറ്റൂരിൽ മേല്പാത നിർമാണത്തിന് സാധ്യത തേടി നിതിൻ ഗഡ്ക്കരിക്ക് കത്തയച്ചിരുന്നു.കീഴാറ്റൂർ ബൈപാസ് നിർമാണത്തിന്റെ കാര്യത്തിൽ അന്തിമ നിലപാടെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നാണ് സിപിഎം നേതാക്കളുടെ വാദം.പാതയുടെ അലൈൻമെന്റ് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ദേശീയപാത അതോറിറ്റിക്കാണ് ഇതിനുള്ള അധികാരമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു.അലൈൻമെന്റ് മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് വ്യക്തമാക്കിയിട്ടുണ്ട്.
Kerala, News
കീഴാറ്റൂർ ബൈപാസ്;നിലപാട് മയപ്പെടുത്തി സർക്കാർ;മുഖ്യമന്ത്രി ബുധനാഴ്ച നിതിൻ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും
Previous Articleസൈബീരിയയിൽ ഷോപ്പിംഗ് മാളിലുണ്ടായ അഗ്നിബാധയിൽ 37 മരണം