മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മാത്രം മരിച്ചവരുടെ എണ്ണം 38ആയി.കാണാതായ 11പേരെ കൂടി കണ്ടെത്താനുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.സംസ്ഥാനത്ത് പ്രളയത്തില്‍ ഇതുവരെ പൊലിഞ്ഞത് 107 ജീവനുകളാണ്. കണ്ടെത്താനുള്ള പലരും മണ്‍കൂനക്കടിയിലാണ്. മഴകുറഞ്ഞതോടെ പ്രളയം നാശം വിതച്ച മേഖലകളില്‍ രക്ഷാദൗത്യം ഊർജ്ജിതമായിട്ടുണ്ട്.വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.ഔദ്യോഗിക കണക്കുപ്രകാരം ഇനി ഏഴു പേരെ കണ്ടെത്താനുണ്ട്. ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പൊലീസ്, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ തുടരുന്നത്.അതേസമയം കൂടുതൽ ആധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു.ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുമെന്നും തെരച്ചിൽ നിർത്തി വെക്കുന്ന ഒരു നിലപാടും സർക്കാരിനില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.