കണ്ണൂർ: സംസ്ഥാന സര്‍ക്കാറിനു കീഴിലെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമാവാന്‍ ഒരുങ്ങി കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രം.ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സുമായി ചേര്‍ന്ന് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാട്ടാമ്പള്ളി പുഴയുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് കയാക്കിങ് കേന്ദ്രത്തെ അക്കാദമിയായി ഉയര്‍ത്തുന്നത്. ഇതിന്‍റെ മുന്നോടിയായുള്ള നിര്‍മാണ പ്രവൃത്തി കെ.വി. സുമേഷ് എം.എല്‍.എ, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് വിലയിരുത്തി.ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സുമായി സഹകരിച്ച് കയാക്കിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ലൈഫ് സേവിങ് ടെക്നിക് കോഴ്സുകള്‍, ഒളിമ്ബിക് കയാക്ക് എന്നിവക്കുള്ള അനുബന്ധ സൗകര്യം ഇതിനോടനുബന്ധിച്ച് നടത്തും. സീറോ വേസ്റ്റ് സംവിധാനത്തിലാവും കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. അക്കാദമിയാവുന്നതോടെ സെന്‍ററിന്‍റെ ഇപ്പോഴത്തെ സ്ഥലസൗകര്യം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യം പരിഗണിക്കും.