കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജപേരിൽ.കണ്ണൂര്‍ എകെജി ആശുപത്രിയിലാണ് കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാള്‍ കൊലപാതശ്രമക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മ്മിച്ചതെന്നും അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുകയാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കതിരൂര്‍ ബോംബ് സ്ഫോടനം അന്വേഷണം നടത്താന്‍ തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്തുണ്ടായിരുന്നവര്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമം തുടക്കത്തില്‍ നടത്തിയിരുന്നുവെന്നും ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് കതിരൂര്‍ പൊന്ന്യാത്താണ് സംഭവം. സ്റ്റീല്‍ ബോംബ് ആണ് പൊട്ടിയത്. സംഭവത്തില്‍ ടിപി കൊലക്കേസ് പ്രതി രമിഷിനും പരിക്കേറ്റിരുന്നു. ഇയാളുടെ ഇരുകൈപ്പത്തി കളും തകര്‍ന്നിട്ടുണ്ട്. ഇയാളുടെ കൂടെയുണ്ടായിരുന്ന ധീരജ് എന്നയാളുടെ കണ്ണുകള്‍ക്കാണ് പരുക്ക്. മൂന്നാമത്തെയാളുടെ പരുക്ക് ഗുരുതരമല്ല. പുഴയില്‍ ചാടി നീന്തി രക്ഷപ്പെട്ടവരുടെ പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് സൂചന. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.