തിരുവനന്തപുരം:സംസ്ഥാനത്ത് 4 ജില്ലകളെ റെഡ് സോണായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളെ മാത്രം റെഡ് സോണിൽ ഉൾപ്പെടുത്തിയാൽമതി എന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. ഇത് പ്രകാരം കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക. കൂടാതെ കേന്ദ്രം നിർദേശിച്ച റെഡ് സോൺ മേഖലകളിൽ മാറ്റം വരുത്തണമെന്ന് നിർദേശിക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
റെഡ് സോൺ:
കാസർകോഡ്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9,കോഴിക്കോട് 9 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ പോസിറ്റീവ് കേസുകൾ നിലവിലുള്ളത്.നാലു ജില്ലകളും ചേർത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാരിന്. ഇതു കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാലിടങ്ങളിലും ലോക്ഡൗണ്‍ ഇളവില്ലാതെ തുടരണം. മേയ് 3 വരെ ലോക്ഡൗൺ കർശനമായി തുടരും.
ഓറഞ്ച് സോൺ:
ഓറഞ്ച് സോണായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രത്യേക വിഭാഗമാക്കി ഈ മൂന്നു ജില്ലകളെ കണക്കാക്കുന്നത്. 3 ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത ലോക്ഡൗൺ തുടരും. ഹോട്സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാല്‍ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.
യെല്ലോ സോൺ:
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട് , തൃശൂർ, വയനാട് എന്നീ ജില്ലകളെയാണ് യെല്ലോ സോണായി നിശ്ചയിച്ചിരിക്കുന്നത്.ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. തിരുവനന്തപുരം ജില്ലയുടെ പോസിറ്റീവായ കേസുകളെടുത്താൽ 2 പേർ മാത്രമാണ് ഉള്ളത്. മൂന്നാമത്തെ ഗണത്തിൽ തിരുവനന്തപുരം വരുന്നതാണ് നല്ലതാണെന്നാണ് അഭിപ്രായം. ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. അതിർത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.
ഗ്രീൻ സോൺ:
പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയവും ഇടുക്കിയുമാണ് ഗ്രീൻ സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.സംസ്ഥാന അതിർത്തിയുണ്ട് എന്നതുകൊണ്ട് ഇടുക്കിയിൽ കൂടുതൽ ജാഗ്രത വേണം. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാൽ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും.