കാസർകോഡ്: ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ കല്യോട്ട് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ പ്രതിഷേധം.സി.പി.എം നേതാക്കളായ പി.കരുണാകരന്‍ എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്.ഇവരുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി.യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസും സിപിഎം പ്രവർത്തകരുടെ വീടും സന്ദർശിക്കുന്നതിനായാണ് നേതാക്കൾ കല്യോട്ട് എത്തിച്ചേർന്നത്.ആക്രമണത്തിന് ഇരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ നേതാക്കള്‍ എത്തുമെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തിയതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങോട്ടേയ്ക്ക് ആരും വരേണ്ടെന്നും പറഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.സംഘം കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. എംപിക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.കൃപേഷിന്റേയും, ശരത്‌ലാലിന്റേയും കൊലപാതകക്കേസില്‍ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധര്‍ എന്നിവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി.