കാസർകോഡ്:കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയില്‍. കൊലപാതകങ്ങള്‍ക്ക് ശേഷം കല്യോട്ടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പീതാംബരനെ ഇന്നലെ രാത്രി കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.അതേസമയം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചു.ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് പീതാംബരനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്.പാര്‍ട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിക്കുന്നത്.