ബെംഗളൂരു: 16 ഭരണപക്ഷ എംഎല്‍എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ ഭാവി ഇന്ന് അറിയാം. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭിയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കും. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോൾ സര്‍ക്കാര്‍ വീഴാനാണ് സാധ്യത കൂടുതല്‍. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന 12 വിമത എംഎല്‍എമാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് രാമലിംഗ റെഡ്ഡി ഇന്നലെ വ്യക്തമാക്കിയത്.എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയിൽ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും കോടതി തള്ളി.രാജി കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.