India, Kerala, News

വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക;അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

keralanews karnataka intensifies covid checking again covid certificate mandatory for cross border travel from tomorrow

ബെംഗളൂരു:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ മുതല്‍ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ ഇന്നു കൂടി ഇളവ് അനുവദിച്ചു. കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക് ഇളവ് നല്‍കി.കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഈ തീരുമാനം കൂടുതല്‍ കര്‍ശനമാക്കാനാണ് ദക്ഷിണ കന്നഡ ഭരണകൂടം ഇപ്പോള്‍ തീരുമാനിച്ചത്.കോവിഡ് വ്യാപനം കേരളത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്.തലപ്പാടി ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നേരത്തെ കര്‍ശനമായ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. ജോലി, പഠനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകള്‍ ദിവസേന കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്നുണ്ട്.

Previous ArticleNext Article