ഇരിട്ടി: കേരളത്തില്‍ സ്വന്തം താമസസ്ഥലത്തെ മരം മുറിച്ച ദമ്പതികളെ അറസ്റ്റ് ചെയ്ത് കര്‍ണാടക വനം വകുപ്പ്.കണ്ണൂര്‍ മാക്കൂട്ടത്താണ് സംഭവം. മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യു പുറമ്പോക്ക് ഭൂമിയില്‍ മരം മുറിച്ചതിനാണ് മലയാളി ദമ്പതികളെ കര്‍ണാടക വനം വകുപ്പ് കസറ്റഡിയിലെടുത്തത്.കേസ് പരിഗണിക്കുന്നത് വിരാജ്പേട്ട കോടതി ഇന്നത്തേക്കു മാറ്റിയതോടെ ദമ്പതികൾ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്.മാക്കൂട്ടത്തെ പുറമ്പോക്ക് ഭൂമിയില്‍ 30 വർഷമായി താമസിക്കുന്ന മാട്ടുമ്മല്‍ ബാബു, ഭാര്യ സൗമിനി എന്നിവരെയാണു മാക്കൂട്ടം വന്യജീവി സങ്കേതത്തില്‍ നിന്നുള്ള വനപാലകര്‍ ഇന്നലെ രാവിലെ പിടിച്ചു കൊണ്ടുപോയത്.വീട്ടുപറമ്പിൽ ഇവര്‍ തന്നെ നട്ടുവളര്‍ത്തിയ ചെറിയ മാവ്, പ്ലാവ്,തേക്ക് എന്നിവയാണ് മുറിച്ചത്.കഴിഞ്ഞ വര്‍ഷത്തിലെ വെള്ളപൊക്കത്തില്‍ വീട് അപകട ഭീഷണിയിലായതോടെ കിളിയന്തറയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മരം മുറിച്ചതറിഞ്ഞ് എത്തിയ കര്‍ണ്ണാടക വനപാലക സഘം ദമ്പതികളെ ബലമായി വീട്ടില്‍ നിന്നും വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി വീരാജ്പേട്ട ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സമീപവാസികള്‍ സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ഇവരെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. പ്രതിഷേധം കനത്തതോടെ സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ രാവിലെ 10.30തോടെ കൂട്ടപുഴ പാലം ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആളുകള്‍ വന്‍തോതില്‍ തടിച്ചുകൂടിയതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇതിനിടെ കര്‍ണ്ണാടകത്തില്‍ നിന്നും കൂട്ടുപുഴവരെ സര്‍വീസ് നടത്തുന്ന കെ .എസ് .ആര്‍. ടി .സി ബസിനെ സമരക്കാര്‍ കുറച്ചുനേരം തടഞ്ഞിട്ടു.സണ്ണിജോസഫ് എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളും ഇരിട്ടി തഹസില്‍ദാര്‍ കെ.കെദിവാകരന്റെ നേതൃത്വത്തില്‍ റവന്യു അധികൃതരും പൊലീസും സംസാരിച്ചെങ്കിലും കസ്റ്റഡിയിലെടുത്തവരെ തിരിച്ചുകിട്ടണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയില്ല.സണ്ണി ജോസഫ് എം.എല്‍.എ വീരാജ്‌പേട്ട എം എല്‍ എ ബോപ്പയ്യയുമായും ഉന്നത വനം വകുപ്പ് ജീവനക്കാരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജില്ലാ കളക്ടര്‍ ഇടപെട്ട് നടത്തിയ നീക്കത്തിനൊടുവില്‍ പിടിച്ചുകൊണ്ടുപോയവരെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാമെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും പ്രതിഷേധക്കാരുടെ രോഷം ശമിച്ചില്ല.യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്നും അടുത്ത ദിവസങ്ങളില്‍ മറ്റ് സമരരീതികള്‍ നടത്താമെന്നും പായം അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സമരക്കാരോട് നിര്‍ദ്ദേശിച്ചു. ഇതോടെ ഒരു വിഭാഗം പിന്‍മാറിയെങ്കിലും മറ്റൊരു വിഭാഗം സമരം തുടര്‍ന്നു. തുടര്‍ന്ന് ഇരിട്ടി എസ്.ഐ എ.വി.രാജു,ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉപരോധം അവസാനിപ്പിച്ചത്.കര്‍ണ്ണാടക വനം വകുപ്പ് അധികൃതരുമായി സംസാരിക്കാന്‍ തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സബാസ്റ്റ്യന്‍ , ബി .ജെ. പി സംസ്ഥാന സമിതി അംഗം വി.വി ചന്ദ്രന്‍ എന്നിവരെ നിയോഗിച്ചു.