ബെംഗളൂരു:കര്‍ണാടക ധര്‍വാദില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം പത്തായി.ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ചൊവ്വാഴ്ചയാണ് വടക്കന്‍ കര്‍ണാടകയിലെ ധര്‍വാദില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണത്.എട്ടുവയസുകാരി ദിവ്യ ഉനകല്‍,ദാക്ഷായണി(45) എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവുമാണ് ഇന്നു കണ്ടെത്തിയത്. 15 ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.കോണ്‍ഗ്രസ് മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്നു വീണ നാല് നിലകെട്ടിടം. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുണമേന്മയില്ലാത്ത വസ്തുക്കള്‍ കൊണ്ട് കെട്ടിടം ഉണ്ടാക്കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നുവെന്നാണ് ആരോപണം. കെട്ടിട ഉടമകള്‍ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.