ഇരിട്ടി:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള – കർണാടക അതിർത്തിയായ മാക്കൂട്ടത്ത് വാഹന പരിശോധന കർശനമാക്കി. കള്ളപ്പണത്തിന്‍റെയും, മദ്യം, മയക്കുമരുന്ന് എന്നിവയുടെയും ഒഴുക്കു തടയുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം പാരാമിലിട്ടറിയുടെ സാന്നിധ്യത്തില്‍ പോലീസിന്‍റെയും ഇലക്‌ഷൻ കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തുന്നത്. മാക്കൂട്ടത്തും പെരുമ്പാടി ചെക്ക് പോസ്റ്റിലുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേരളത്തില്‍ നിന്നും പോകുന്ന എല്ലാ വാഹനങ്ങളും കര്‍ശനപരിശോധനക്കു ശേഷം മാത്രമാണ് കര്‍ണാടകത്തിലേക്ക് കടത്തിവിടുന്നത്.50000 നു മുകളിൽ പണം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്.വ്യക്തമായ രേഖകളില്ലാതെ കൊണ്ടുപോകുന്ന പണം നിരീക്ഷണ സംഘം പിടിച്ചെടുക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് നടക്കുന്ന പന്ത്രണ്ടാം തീയതി വരെ പരിശോധന തുടരും. കുടക് ജില്ലാ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത എട്ടുകോടിയോളം രൂപ ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു.