Kerala, News

കരിപ്പൂര്‍ വിമാന അപകടം;അപകട കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് കണ്ടെത്തൽ

keralanews karipur plane crash accident caused by negligence during landing

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിന് കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. കരിപ്പൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമര്‍പ്പിച്ചു. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്‌ട് വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകടകാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതും അന്വേഷണ പരിധിയില്‍ വരും. അഡീഷനല്‍ എസ്പി ജി. സാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ്പി കെ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഎസ്പി എ. ഹേമലത, സിഐമാരായ പി. ഷിബു (കരിപ്പൂര്‍), കെ.എം. ബിജു (കൊണ്ടോട്ടി), അനീഷ് പി. ചാക്കോ (വേങ്ങര), എസ്‌ഐമാരായ കെ. നൗഫല്‍ (കരിപ്പൂര്‍), വിനോദ് വല്യത്ത് (കൊണ്ടോട്ടി) എന്നിവര്‍ സംഘത്തിലുണ്ടാകും.അപകടസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്‌എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്.ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളും വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുൾപ്പെടെ 18 പേരാണ് മരിച്ചത് അപകടത്തിൽ മരിച്ചത്.

Previous ArticleNext Article