കോഴിക്കോട്:കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ക്യാപ്‌റ്റന്‍ ദീപക് സാത്തേ 30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ്.വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. രാഷ്ട്രപതിയുടെ പക്കല്‍ നിന്ന് വിശിഷ്‌ട സേവനത്തിനുള്ള മെഡല്‍ അടക്കം വാങ്ങിയ പ്രതിഭയാണ് അദ്ദേഹം. എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുൻപ് വ്യോമസേനയിലെ എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റ് ആയിരുന്നു ദീപക്.പൈലറ്റ് ദീപക് സാത്തെയുടെ പരിചയ സമ്പത്തും മന:സാന്നിദ്ധ്യവുമാണ് വിമാനാപകടം വന്‍ ദുരന്തത്തിലേക്ക് പോകാതിരിക്കാന്‍ സഹായകമായതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.അതിനു പക്ഷെ സാത്തേക്കും സഹ പൈലറ്റ് അഖിലേഷ് കുമാറിനും സ്വന്തം ജീവന്‍ നല്‍കേണ്ടി വന്നു. കനത്ത മഴ മൂലം പൈലറ്റിന് റണ്‍വേ കാണാനാവുമായിരുന്നില്ല എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മലകള്‍ക്കിടയില്‍ ചെത്തിയൊരുക്കുന്ന ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ അതീവ ശ്രദ്ധയോടെ മാത്രമേ ഇവിടെ വിമാനം ഇറക്കാന്‍ കഴിയൂ.പരിചയ സമ്പന്നരായ പൈലറ്റുമാരെ മാത്രം പലപ്പോഴും ഇത്തരം സ്ഥലങ്ങളില്‍ വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കാന്‍ നിയോഗിക്കാറുള്ളൂ. ഇപ്പോള്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ക്യാപ്റ്റനും അത്തരത്തില്‍ പരിചയ സമ്പന്നനായതു കൊണ്ടു മാത്രമാണ് വിമാനം വലിയ ഉയരത്തില്‍ നിന്ന് വീഴാതിരുന്നതും മംഗലാപുരത്ത് സംഭവിച്ചതു പോലെ തീ പിടിക്കാതിരുന്നതും. കനത്ത മഴ കാഴ്ച മറച്ചെങ്കിലും റണ്‍വേയില്‍ തന്നെ വിമാനം ഇറക്കാന്‍ കഴിഞ്ഞത് സാത്തേയുടെ മികവാണ്. മഴ ആയതിനാല്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നി നീങ്ങുന്നത് ഫലപ്രദമായി തടയാന്‍ ആയില്ല എന്നതു കൊണ്ടാണ് 35 അടി താഴ്ചയിലേക്ക് വീണത്. എന്നാല്‍ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്തു നിന്ന് വെറും 300 മീറ്റര്‍ അകലെ ജനവാസ കേന്ദ്രങ്ങളാണ്. ഇവിടെയായിരുന്നു അപകടം സംഭവിച്ചിരുന്നതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു. വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുൻപ് സാത്തേ എഞ്ചിന്‍ ഓഫാക്കിയതും അപകടത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായകമായി. വിമാനത്തിന് തീ പിടിക്കാതെ ഒഴിവാക്കാന്‍ കഴിഞ്ഞതു തന്നെ വലിയ കാര്യമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അല്ലായിരുന്നെങ്കില്‍ വിമാനം പൊട്ടിത്തെറിക്കുകയും അപകടം വന്‍ ദുരന്തത്തിലേക്ക് വഴി മാറുകയും ചെയ്യുമായിരുന്നു.