കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയെ ജൂലൈ ആറ് വരെ കസ്റ്റഡിയിൽ വിട്ടു.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു.അർജ്ജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. എന്നാൽ കസ്റ്റംസിന്റെ ആരോപണങ്ങൾ അർജ്ജുൻ നിഷേധിച്ചിരുന്നു.സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുനാണെന്നതിനു ഡിജിറ്റല്‍ തെളിവുണ്ട്. സ്വര്‍ണക്കടത്തിന് എത്തിയതിന് ഡിജിറ്റല്‍ തെളിവുണ്ട്. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. അര്‍ജുന്‍ സഞ്ചരിച്ച കാര്‍ ഇയാളുടെ സ്വന്തമാണ്. എന്നാല്‍, കാര്‍ രജിസ്റ്റര്‍ ചെയ്തത് ബിനാമിയായ സജേഷിന്റെ പേരിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്നലെയാണ് അർജ്ജുനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത്.ഷഫീക്കിന്റെ കയ്യില്‍ സ്വര്‍ണമുണ്ടെന്ന് അര്‍ജുന് അറിയാമായിരുന്നുവെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു.അതേസമയം, റമീസിനു ലഭിക്കാനുള്ള പണം ഷഫീക്കില്‍നിന്ന് തിരികെ വാങ്ങാനാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയ മൊഴിയെന്നാണു ലഭ്യമായ വിവരം. റമീസിനൊപ്പമാണ് അര്‍ജുന്‍ വിമാനത്താവളത്തില്‍ എത്തിയത്. കാര്‍ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ പോയെന്നും അര്‍ജുന്‍ മൊഴി നല്‍കിയതായാണു വിവരം.കസ്റ്റഡിയിലുള്ള പ്രതി മുഹമ്മദ് ഷെഫീഖിനെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഷെഫീഖിനെ അര്‍ജുന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യും.