കണ്ണൂർ : ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവർക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് കണ്ണൂർ സർവകലാശാല പിന്മാറി. പുസ്തകങ്ങൾ പി.ജി സിലബസിൽ നിന്ന് ഒഴിവാക്കുമെന്ന് വൈസ്ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് തീരുമാനം.എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിൻവലിക്കില്ലെന്ന നിലപാടാണ് വൈസ് ചാൻസിലർ ഇപ്പോൾ മാറ്റിയത്. അതേസമയം സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കുമെന്ന് വി.സി കൂട്ടിചേര്‍ത്തു. സിലബസില്‍ പോരായ്മയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നും വി.സി അറിയിച്ചു.കൂടാതെ നിര്‍ദേശങ്ങള്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറിയെന്നും അന്തിമ തീരുമാനം അക്കാദമിക് കൗണ്‍സിലെടുക്കുമെന്നും പറഞ്ഞ അദ്ദേഹം ഈ മാസം 29 ന് അക്കാദമിക് കൗണ്‍സിലര്‍ യോഗം ചേരുമെന്ന് അറിയിച്ചു.എം.എസ് ഗോൾവാർക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് പിജി മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയത്.