കൊച്ചി: പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി.കണ്ണൂർ സർവകലാശാലയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് പട്ടികയും കോടതി റദ്ദാക്കി.അദ്ധ്യാപകരായി ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.എട്ട് വർഷം അദ്ധ്യാപന പരിചയം വേണ്ട തസ്തികയിൽ മൂന്ന് വർഷം മാത്രം അദ്ധ്യാപന പരിചയമുള്ള പ്രിയാ വർഗീസിന്റെ യോഗ്യത അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കണ്ണൂർ സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിക്കുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിധി പറഞ്ഞത്. അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നൽകിയ ഉത്തരവിനെതിരെ രണ്ടാം റാങ്കുകാരനായ ഡോ.ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് വിധി.ചാൻസലറായ ഗവർണർ, സംസ്ഥാന സർക്കാർ, യുജിസി, പ്രിയാ വർഗീസ് എന്നിവരായിരുന്നു ഹർജിയിലെ എതിർകക്ഷികൾ. എല്ലാ കക്ഷികളും നൽകിയ വാദങ്ങൾ വിശദീകരിച്ചതിന് ശേഷമായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.അതേസമയം ഈ ഹർജി നിലനിൽക്കില്ലെന്നുള്ള വാദമായിരുന്നു പ്രിയ വർഗീസ് ഉന്നയിച്ചത്. എന്നാൽ ഈ വാദം ഹൈക്കോടതി ആദ്യമേ തള്ളിയിരുന്നു. ഗവേഷണ കാലയളവിൽ പ്രിയയ്‌ക്ക് അദ്ധ്യാപന പരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. പിഎച്ച്ഡി കാലയളവ് ഫെല്ലോഷിപ്പോടെയാണ്. ഇത് ഡെപ്യൂട്ടേഷൻ കാലയളവായിട്ടാണ് കണക്കാക്കുക. അതായത് അദ്ധ്യാപനം ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.