കണ്ണൂര്‍: സ്‌കൂള്‍ പരിസരങ്ങള്‍ സിസിടിവി നിരീക്ഷണത്തിലാക്കുന്ന പദ്ധതിയുമായി കണ്ണൂര്‍ ടൗണ്‍ പോലീസ്.സ്‌കൂള്‍ പരിസരങ്ങളിലെ സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കുക,ലഹരി വസ്തുക്കളുടെ വില്‍പന, ഉപയോഗം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്.ലൈസന്‍സില്ലാതെ ടു വീലര്‍ ഉപയോഗിക്കുക,അനാവശ്യമായി ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്നവിരുതന്മാരെയും ഇനി ക്യാമറ ഒപ്പിയെടുക്കും.സ്‌കൂള്‍ പരിസരങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അതിന്റെ ഒരു മോണിറ്റര്‍ സ്‌കൂള്‍ മേലധികാരിയുടെ മുറിയിലും ഒന്ന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലും ഘടിപ്പിച്ച് നിരീക്ഷികുന്ന സംവിധാനം ആവിഷ്‌കരിക്കുന്നതോടെ സ്‌കൂള്‍ പരിസരങ്ങള്‍ സുരക്ഷാ വലയത്തിലാവും.സ്റ്റേഷനതിര്‍ത്തിയിലെ സ്കൂളുകളിൽ ഭൂരിഭാഗം സ്‌കൂള്‍ അധികൃതരും പദ്ധതിയുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സിഎച്ച്എം എളയാവൂര്‍, എസ് എന്‍ കോളേജ്, കോര്‍ജാന്‍ പുഴാതി പള്ളിക്കുന്ന്, എംടിഎം പയ്യാമ്പലം ഗേള്‍സ്, സെന്റ് മൈക്കിള്‍സ്,ക്യഷ്ണമേനോന്‍ വനിതാ കോളേജ്,ചാലാട് യു പി, എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുമ്പോഴേക്ക് ക്യാമറകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 8 ലക്ഷത്തോളം രൂപ ചെലവുവരുന്ന പദ്ധതിക്ക് ഒരു സ്‌കൂള്‍ ശരാശരി അറുപതിനായിരം രൂപയോളം സമാഹരിക്കേണ്ടി വരും.അത്രയും തുക സ്‌കൂള്‍ അധികൃതര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.പ്രസ്തുത സ്‌കൂളുകളില്‍ പഠിച്ച് ഉന്നത നിലയില്‍ എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളോ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളോ വിചാരിച്ചാല്‍ മാത്രമെ ഇത്രയും തുക സമാഹരിക്കാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടുതന്നെ സ്‌കൂള്‍ അധിക്യതരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെയും ഒരു യോഗം അടുത്ത് തന്നെ ടൗണ്‍ സ്റ്റേഷനില്‍ ഇതിനായി വിളിച്ച് ചേര്‍ക്കുന്നുണ്ട്.