കണ്ണൂർ:മൂന്നു ദിവസങ്ങളിലായി നടന്ന കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കണ്ണൂർ നോർത്ത് ഉപജില്ല ചാമ്പ്യന്മാരായി.30 സ്വർണ്ണമെഡലുകളടക്കം 217 പോയിന്റ് നേടിയാണ് നോർത്ത് ഉപജില്ലാ ഒന്നാമതെത്തിയത്.15 സ്വർണമടക്കം 140 പോയിന്റ് നേടി തളിപ്പറമ്പ് ഉപജില്ലാ രണ്ടാം സ്ഥാനത്തെത്തി.ഒൻപതു സ്വർണം അടക്കം 119.5 പോയിന്റ് നേടി പയ്യന്നൂർ ഉപജില്ലാ മൂന്നാമതെത്തി.140 പോയിന്റ് നേടിയ എളയാവൂർ സി.എച്.എം.എച്.എസ്.എസ് ആണ് കണ്ണൂർ നോർത്ത് ഉപജില്ലയിൽ ഏറ്റവും പോയിന്റ് നേടിയ സ്കൂൾ.21 സ്വർണവും ഒൻപതു വീതം വെള്ളിയും വെങ്കലവും ഈ സ്കൂളിലെ കൊച്ചു കായിക താരങ്ങൾ സ്വന്തമാക്കി.35 പോയിന്റ് നേടിയ ജി.എച്.എസ്.എസ് പ്രാപ്പൊയിൽ രണ്ടാം സ്ഥാനവും ഗവ.എച്.എസ്.എസ് കോഴിച്ചാൽ മൂന്നാം സ്ഥാനവും നേടി.15 സബ്‌ജില്ലകളിൽ നിന്നായി 2500 ഓളം മത്സരാർഥികൾ മേളയിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ 20 മുതൽ 23 വരെ കോട്ടയം പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കും.കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ വിജയികളായവർക്ക് പി.കെ ശ്രീമതി എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. വിരമിക്കുന്ന കായികാധ്യാപകരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.