തലശ്ശേരി:കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തലശ്ശേരിയിൽ തിരിതെളിയും. നഗരത്തിലെ എട്ടു സ്കൂളുകളിലായാണ് സ്റ്റേജ് മത്സരങ്ങൾ അരങ്ങേറുക.ആദ്യദിനം പതിനെട്ട് വേദികളിലും രണ്ടാം ദിനം പതിനേഴ് വേദികളിലും മൂന്നാം ദിനം പതിനഞ്ച് വേദികളിലുമായി മത്സരങ്ങൾ നടക്കും.ഉൽഘാടന,സമാപന ചടങ്ങുകൾ ഉണ്ടായിരിക്കില്ല. സംഘഗാനം, വഞ്ചിപ്പാട്ട്,കേരളനടനം, നാടകം,തിരുവാതിരക്കളി,ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങൾ ആദ്യദിനം നടക്കും. 15 ഉപജില്ലകളിൽ നിന്നായി 5798 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും.ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 105 ഇനങ്ങളിലുമായാണ് മത്സരങ്ങൾ നടക്കുക.ബ്രണ്ണൻ എച്എസ്എസ്, ബി.ഇ.എം.പി എച്എസ്എസ്,സെന്റ് ജോസഫ്‌സ് എച്എസ്എസ്,ജി.വി.എച്.എസ്.എസ് ചിറക്കര,സേക്രഡ് ഹാർട്ട് ഗേൾസ് എച്എസ്എസ്,എം.എം.എച്.എസ്.എസ്,ജി.എച്.എസ്.എസ് തിരുവങ്ങാട്, ജി.എസ്.ബി.എസ് വലിയമാടാവിൽ എന്നിവിടങ്ങളിലാണ് വേദികൾ സജ്ജീകരിച്ചിരിക്കുന്നത്. ഗേൾസ് സ്‌കൂളിലാണ് ഭക്ഷണ സൗകര്യം ഒരുക്കിയിരിക്കുന്നത്.