കണ്ണൂർ:ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകിക്കൊണ്ട് കണ്ണൂർ വിമാനത്താവളം എന്ന സ്വപനം യാഥാർഥ്യമാവുകയാണ്.ഈ ഡിസംബർ ഒൻപതാം തീയതി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്കുള്ള ആദ്യ വിമാനം പറന്നുയരും.സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരിൽ ഒരുങ്ങുന്നത്.ഇതോടെ മട്ടന്നൂരിലെ മൂർഖൻപറമ്പ് എന്ന ഗ്രാമം ചരിത്രത്തിന്റെ ഭാഗമാവുകയാണ്. കേരള സർക്കാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ,അതുപോലെതന്നെ ഈ പ്രദേശത്തുള്ള പ്രവാസികൾ എന്നിവർ ചേർന്ന് രൂപം നൽകിയ ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം.മുൻ ഐഎഎസ് ഉദ്യോഗസ്ഥനും എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായിരുന്ന വി.തുളസീദാസാണ് കണ്ണൂർ ഇന്റർനാഷൻ എയർപോർട്ട് ലിമിറ്റഡിന്റെ(കിയാൽ) മാനേജിങ് ഡയറക്റ്റർ.കണ്ണൂരിൽ നിന്നും ഏകദേശം 120 കിലോമീറ്റർ മാത്രം ദൂരത്തിൽ കോഴിക്കോട് എയർപോർട്ട് ഉള്ളപ്പോൾ കണ്ണൂരിൽ ഒരു എയർപോർട്ട് ആവശ്യമുണ്ടോ എന്ന സംശയം നിരവധിപേർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂരിൽ ഒരു രാജ്യാന്തര വിമാനത്താവളം വേണമെന്ന ആവശ്യം വളരെ പണ്ടുതന്നെ ശക്തമായിരുന്നു. മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സ്ഥലം ഉത്തരമലബാറാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം.ഇവിടെയുള്ള പ്രവാസികളുടെ ഒരു ആവശ്യമായിരുന്നു കണ്ണൂരിൽ ഒരു വിമാനത്താവളം വേണമെന്നത്.കോഴിക്കോട് ജില്ലയുടെ ഒരുഭാഗം,വയനാട് ജില്ലയുടെ ഏകദേശം മുഴുവൻ ഭാഗവും,മാഹി,കണ്ണൂർ,കാസർകോഡ് ജില്ലകൾ എന്നിവ ഉൾപ്പെടുന്നതാണ് ഉത്തരമലബാർ എന്നറിയപ്പെടുന്നത്.ഇവിടെ നിന്നുള്ള പ്രവാസികളാണ് ഏറ്റവും കൂടുതൽ കണ്ണൂർ എയർപോർട്ടിനെ ആശ്രയിക്കുക.അതോടൊപ്പം കുടകിൽ നിന്നും കർണാടകയിലെ കേരളത്തോട് ചേർന്ന് കിടക്കുന്ന ജില്ലകളിൽ നിന്നും കൂടുതൽ എളുപ്പം കണ്ണൂർ വിമാനത്താവളമാണെന്നത് കൊണ്ടുതന്നെ ഇവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും കണ്ണൂർ വിമാനത്താവളം വരുന്നതോടെ യാത്ര കൂടുതൽ സൗകര്യപ്രദമാകും.കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്,മംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരിൽ കുറവുണ്ടാകുമോ എന്നതും ഒരു ചോദ്യമാണ്.ഉത്തരമലബാറിലെ പ്രവാസികൾ കൂടുതലായും ആശ്രയിച്ചിരുന്ന എയർപോർട്ടുകളാണ് കോഴിക്കോടും മംഗലൂരുവും.അതുകൊണ്ട് സ്വാഭാവികമായും കണ്ണൂർ വിമാനത്താവളം വരുന്നതോടെ ഇവിടെ നിന്നുള്ള യാത്രക്കാരിൽ കുറവുണ്ടാകും.
ഒരേ സമയം ഇരുപത് വിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.നിലവിൽ 3050 മീറ്ററാണ് റൺവേയുടെ നീളം.കോഡ് E ഗണത്തില്‍ പെടുന്ന ബോയിങ്ങ് B-777, എയര്‍ബസ് A-330 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഉതകുന്നതാണ് നിലവിലെ റണ്‍വേയുടെ രൂപകല്പന.ഭാവിയില്‍ ഇത് എയര്‍ബസ് A-380 പോലെയുള്ള കോഡ് F ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിക്കാനും പദ്ധതിയുണ്ട്.24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും.ഇതിന്‍റെ പുറമെ നാലു ഇ-വീസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ് ഒരുക്കിയിരിക്കുന്നത്. വാഹനപാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സ്വകാര്യവും ഒരുക്കിയിട്ടുണ്ട്.
എയർ ഇന്ത്യ എക്പ്രസ് വിമാനമാണ് ഉൽഘാടന ദിവസം കണ്ണൂരിൽ നിന്നും സർവീസ് നടത്തുക.അബുദാബിയിലേക്കും റിയാദിലേക്കുമാണ് ഡിസംബർ 9നു കണ്ണൂരിൽ നിന്നു വിമാനം പറക്കുക. കണ്ണൂരിലേക്ക് അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും അതെ ദിവസം സർവീസുകളുണ്ട്.ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ 10ന് കണ്ണൂരിൽ ഫ്ലാഗ്ഓഫ് ചെയ്യുന്ന വിമാനം യുഎഇ സമയം 12.30നു അബുദാബിയിലെത്തിച്ചേരും.തിരിച്ച് യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും.ഞായർ, ബുധൻ, ശനി ദിവസങ്ങളിലാണ് അബുദാബി സർവീസ്. ഉദ്ഘാടന ദിവസം മാത്രമായിരിക്കും അബുദാബിയിലേക്കുള്ള വിമാനം രാവിലെ പത്തുമണിക്ക് പുറപ്പെടുക.പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മണിക്കായിരിക്കും സർവീസ്.റിയാദിലേക്കുള്ള വിമാനം രാത്രി 9.05നു പുറപ്പെട്ട് റിയാദ് സമയം രാത്രി 11.30നു റിയാദിലെത്തും.പത്താം തീയതി മസ്ക്കറ്റിലേക്കും ദോഹയിലേക്കും തിരിച്ചും സർവീസുകളുണ്ടായിരിക്കും.രാത്രി 8.20 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് ദോഹസമയം രാത്രി 10 മണിക്ക് ദോഹയിലെത്തുകയും അവിടെ നിന്നും തിരിച്ച് ദോഹ സമയം രാത്രി പതിനൊന്നു മണിക്ക് പുറപ്പെട്ട് പുലർച്ചെ 5.45 ഓടെ കണ്ണൂരിലെത്തുന്ന തരത്തിലുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.ഞായർ, തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണു ദോഹ സർവീസ്.10നു രാവിലെ 9ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് മസ്ക്കറ്റ് സമയം 11.15നു മസ്ക്കറ്റിൽ എത്തുന്ന തരത്തിലും തിരികെ മസ്ക്കറ്റിൽ നിന്നു 12.15നു പുറപ്പെട്ട് വൈകിട്ട് 5.30നു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ഞായർ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണു മസ്ക്കറ്റ് സർവീസ്.ഷാർജ സമയം രാത്രി ഏഴിന് ഷാർജയിൽ നിന്നു പുറപ്പെട്ട് രാത്രി 12.10നു കണ്ണൂരിലെത്തുന്ന തരത്തിലും പുലർച്ചെ 1.10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് ഷാർജ സമയം 3.40നു ഷാർജയിൽ എത്തുന്ന തരത്തിലുമാണ് ഷാർജ സർവീസ്.
ഡിസംബർ ഒൻപതിന് രാവിലെ പത്തിനാണ് കണ്ണൂർ വിമാനത്താവളം നാടിന് സമർപ്പിക്കുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിൽ ഒരുലക്ഷം പേർ പങ്കെടുക്കും. ടെർമിനൽ കെട്ടിടത്തിന് സമീപമാണ് വേദി ഒരുക്കുക.ഉദ്ഘാടന ദിവസം പ്രധാന വേദിയില്‍ രാവിലെ എട്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഒൻപതിന് മട്ടന്നൂര്‍ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നടക്കും.10 മണി മുതലാണ് ഉദ്ഘാടന ചടങ്ങ്. ആദ്യ വിമാനത്തില്‍ പോകുന്ന യാത്രക്കാരെ വായന്തോട് ജംക്ഷനില്‍നിന്ന് പ്രത്യേക വാഹനത്തിൽ എയർപോർട്ടിലെത്തിക്കും.ഡിസംബര്‍ ഏഴിന് മട്ടന്നൂരില്‍ വിപുലമായ വിളംബര ഘോഷയാത്ര നടത്തും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവരെ വിമാനത്താവളത്തിൽ എത്തിക്കാന്‍ 60 ബസുകളാണ് ഏർപ്പാടാക്കുക. ഉദ്ഘാടന ദിവസം ഗതാഗത കുരുക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളില്‍നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ പനയത്താംപറമ്പിലും ഇരിട്ടി ഭാഗത്തു നിന്നുള്ളവ മട്ടന്നൂര്‍ ഹൈസ്‌കൂൾ, പോളി ടെക്‌നിക് എന്നിവിടങ്ങളിലും പാര്‍ക് ചെയ്യണം.ഇവിടെ നിന്നും മട്ടന്നൂര്‍ ബസ് സ്റ്റാൻഡില്‍ നിന്നും ആളുകളെ പ്രത്യേക ബസുകളിലായിരിക്കും വിമാനത്താവളത്തിലേക്ക് എത്തിക്കുക. ഇതിനായി 40 കെഎസ്ആര്‍ടിസി ബസുകളും 20 സ്വകാര്യ ബസുകളും ഏർപ്പെടുത്തും.ഇതിനു യാത്രക്കാരില്‍നിന്ന് ചാര്‍ജ് ഈടാക്കില്ല. രാവിലെ ഏഴു മുതല്‍ 10 വരെയും ഉദ്ഘാടനം കഴിഞ്ഞു തിരിച്ചും ബസ് സർവീസ് ഉണ്ടാകും.