കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ പ്രസ്‌ക്ലബ്ബ് റോഡിന്റെ സൗന്ദര്യവത്കരണത്തിന് നടപടിയായി. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് വെള്ളിയാഴ്ച രാത്രി ഡിവൈഡറുകൾ പൊളിക്കാൻ തുടങ്ങി.
എ.പി.അബ്ദുള്ളക്കുട്ടിയുടെ എം.എൽ.എ.ഫണ്ടിൽനിന്നുള്ള 1.10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രസ് ക്ലബ്ബ് റോഡ് നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്യുന്നതാണ് പദ്ധതി. നഗരസഭയുടെ റോഡാണെങ്കിലും റോഡ് നവീകരണത്തിന്റെ ചുമതല പൊതുമരാമത്തിനായിരുന്നു.
പണിതുടങ്ങുന്നതിന് ഡിവൈഡറിലെ വിളക്കുകാലുകൾ കോർപ്പറേഷൻ മാറ്റിക്കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. കഴിഞ്ഞ സപ്തംബറിൽ പദ്ധതിയുടെ കാലാവധി കഴിഞ്ഞു. ഇതോടെ നഗരസഭ ഏറെ പഴികേട്ടു. ഒടുവിൽ വിളക്കുതൂണുകൾ മാറ്റാനുള്ള ചുമതലയും കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിനെ ഏല്പിച്ചു. അതിനുശേഷമാണ് ഇപ്പോൾ ഡിവൈഡർ പൊളിച്ച് വിളിക്ക് തൂണുകൾ നീക്കുന്ന പണി തുടങ്ങിയത്.
അടുത്തയാഴ്ചതന്നെ മെക്കാഡം ടാറിങ്ങ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. മേയർ ഇ.പി.ലത, ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് എന്നിവർ പണിസ്ഥലത്തെത്തിയിരുന്നു.