മംഗളൂരു:ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് കണ്ണൂർ സ്വദേശിയുടെ പാദവും കൈപ്പത്തിയും അറ്റു.കൂടെ കയറാൻ ശ്രമിച്ച ബന്ധുവായ സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.കണ്ണൂർ ചാലാട് പള്ളിയാമൂല സ്വദേശി നരിയംപള്ളി ദിവാകരന്റെ(65) വലതുപാദവും കൈപത്തിയുമാണ് അറ്റത്.ഇടതു കൈക്കും മുറിവേറ്റിട്ടുണ്ട്.ബന്ധുവായ പള്ളിയാമൂല കൃഷ്ണശ്രീയിൽ പ്രകാശന്റെ ഭാര്യ ശ്രീലതയ്ക്കാണ് (50) ഇടതുകൈക്കും ഇടുപ്പെല്ലിനും സാരമായി പരിക്കേറ്റത്.ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.ശ്രീലതയുടെ ഭർത്താവ് പ്രകാശന്റെ ചികിത്സക്കായി ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെത്തിയതാണ് ഇവർ മൂന്നുപേരും.ഡോക്റ്ററെ കണ്ട് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.ഇവർ സ്റ്റേഷനിൽ എത്തുമ്പോഴേക്കും മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവേ ശ്രീലത ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു.അവരെ രക്ഷിക്കാൻ ശ്രമിക്കവേ ദിവാകരനും ഒപ്പം വീണു.ഉടനെ തീവണ്ടി നിർത്തിയതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായി.ദിവാകരനറെ പാദവും കൈപ്പത്തിയും അപകടസമയത്ത് തന്നെ അറ്റുപോയി.ശ്രീലതയ്ക്ക് മുറിവേറ്റില്ലെങ്കിലും ഇടതുകൈയെല്ല് തെന്നിമാറി.റെയിൽവേ സംരക്ഷണ സേനയും ജീവനക്കാരും ചേർന്ന് ഇരുവരെയും വെൻലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദിവാകരനറെ പാദവും കൈപ്പത്തിയും തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്റ്റർമാർ.