കണ്ണൂർ:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ 2016-17 ബാച്ചിൽ പഠനാവസരം നഷ്ട്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മാനേജ്‌മന്റ് 20 ലക്ഷം രൂപ വീതം തിരികെ നൽകും.വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയാണ് ചെയ്യുക.എന്നാൽ സുപ്രീം കോടതി വിധിച്ചത് ഒരുവർഷത്തെ ഫീസിന്റെ ഇരട്ടിയല്ലെന്നും മൊത്തം നൽകിയ തുകയുടെ ഇരട്ടിയാണെന്നും മെഡിക്കൽ പ്രവേശന മേൽനോട്ട സമിതിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.പ്രവേശനത്തിൽ മെറിറ്റ് പാലിക്കാതെ ക്രമക്കേട് കാട്ടിയതിനാൽ പഠനവസരം നഷ്ട്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവർ നൽകിയ തുകയുടെ ഇരട്ടി സെപ്റ്റംബർ നാലിനകം തിരിച്ചുനൽകിയാൽ ഈ വര്ഷം എംബിബിഎസ് പ്രവേശനത്തിന് അനുമതി ലഭിക്കുമെന്നാണ് സുപ്രീം കോടതി വിധി.വാർഷിക ഫീസ് പത്തുലക്ഷമായിരുന്നുവെങ്കിലും പലരിൽ നിന്നും അഞ്ചുവർഷത്തെ ഫീസ് മുഴുവനായും മൂന്നുവർഷത്തെ ഫീസും പത്തുലക്ഷം രൂപ നിക്ഷേപമായും വാങ്ങിയിരുന്നു.പത്തുലക്ഷം രൂപ നിക്ഷേപമടക്കം അറുപതു ലക്ഷം രൂപവരെ നൽകിയതായി 110 ഓളം വിദ്യാർഥികൾ പ്രവേശനമേൽനോട്ട സമിതി മുൻപാകെ മൊഴിനല്കിയിരുന്നു.അടച്ച തുകയുടെ ഇരട്ടി നൽകിയില്ലെങ്കിൽ ഈ വർഷത്തെ പ്രവേശനം തടയുമെന്ന് 2016-17 ബാച്ചിലെ വിദ്യാർഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ വിഷയത്തിൽ മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.അതേസമയം മാനേജ്‌മന്റ് തിരികെ നൽകിയ തുകയുടെ വിവരം തിങ്കളാഴ്ച അറിയിക്കണമെന്ന് 2016-17 ബാച്ചിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി നിർദേശം നൽകിയിട്ടുണ്ട്.മാനേജ്മെന്റിൽ നിന്നും ലഭിക്കാനുള്ള സർട്ടിഫിക്കറ്റുകൾ,മറ്റു രേഖകൾ എന്നിവ സംബന്ധിച്ചും വിവരം നൽകണമെന്ന് നിർദേശമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർക്ക് അന്നുതന്നെ വിവരം കൈമാറും.ഈ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് സെപ്റ്റംബർ നാലാം തീയതി നടക്കുന്ന എംബിബിഎസ് സ്പോട് അഡ്മിഷനിൽ കണ്ണൂർ മെഡിക്കൽ കോളേജിനെ പങ്കെടുപ്പിക്കണമോ എന്ന് തീരുമാനിക്കുക.