കണ്ണൂര്‍:കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി.കണ്ടോണ്മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയിലെ സംവിധാനങ്ങള്‍ മതിയാകാതെ വന്നതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ജില്ലാ കലക്ടറുടെ നടപടി. സൈനിക ആശുപത്രിയുമായി ചേര്‍ന്നാണ് കേന്ദ്രീയ വിദ്യാലയത്തില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഇവിടേക്ക് ആവശ്യമായ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കുന്നതിന് ഡിഎസ്സി കമാന്റണ്ടിനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. മിലിറ്ററി ആശുപത്രിയുടെ നിലവില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന ബ്ലോക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കാനും അദ്ദേഹത്തിന് നിര്‍ദ്ദേശം നല്കി. ഇവിടേക്ക് ആവശ്യമായ ചികില്‍സാ സംവിധാനമൊരുക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് നിര്‍ദ്ദേശം. കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങുന്നതിനുമായി പ്രത്യേക വഴി ഒരുക്കാനും ശ്രദ്ധിക്കണം. ആവശ്യമായ ടോയ്ലറ്റ് സംവിധാനങ്ങളും ഇവര്‍ക്കായി ഉണ്ടായിരിക്കണം. പ്രത്യേക മുറികള്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലമുള്ള വിധത്തില്‍ 20 കട്ടിലുകള്‍ ഉള്‍ക്കൊളളാന്‍ സാധിക്കുന്ന വാര്‍ഡുകള്‍ സജ്ജീകരിക്കാനും ഉത്തരവില്‍ പറയുന്നു.
കോവിഡ് രോഗ ബാധിതര്‍ക്കും ഇതര രോഗികള്‍ക്കും പ്രത്യേകം പ്രത്യേകം ഐപി, ഒപി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ്, എന്‍95 മാസ്ക്ക്, കൈയുറ തുടങ്ങിയ സുരക്ഷാ കവചങ്ങള്‍ ധരിക്കണം. കൊവിഡ് രോഗികളുടെ എണ്ണം യഥാസമയം ഡിഎംഒയെ അറിയിക്കണം. കോവിഡ് ബാധിതരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.