കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭം ചെയ്ത കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു.പ്രതികളുടെ അറസ്റ്റ് പോലീസ് വൈകിപ്പിച്ചതോടെ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സമരവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.പത്ത് മിനുട്ടിലേറെ പോലീസ് സ്റ്റേഷന്റെ മുൻപിലുള്ള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ പിന്നീട് എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഏറെനേരം പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. റോഡ് ഉപരാധത്തിന് നേതൃത്വം നൽകിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടി.വി.രവീന്ദ്രന്‍, പി.രാജീവന്‍,മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്,ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.