Kerala, News

ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനായി നെറ്റ് വര്‍ക്ക് ദുര്‍ബലമായ കേന്ദ്രങ്ങളില്‍ സൗജന്യ വൈ ഫൈ കണക്‌ഷനുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

keralanews kannur district panchayat with free wifi connection in network weak centers to improve online learning facilities

കണ്ണൂർ: ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നെറ്റ് വര്‍ക്ക് ദുര്‍ബലമായ കേന്ദ്രങ്ങളില്‍ സൗജന്യ വൈ ഫൈ കണക്‌ഷനുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നതിനായി കുട്ടികൾ ഫോണുമായി മരത്തിലും ഏറുമാടങ്ങളിലും കയറുന്ന അവസ്ഥയെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈലുമായി മരത്തില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ പന്നിയോട് കോളനിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി അനന്തുബാബു വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും ആ മേഖലയിലടക്കം വൈ ഫൈ നെറ്റ് വര്‍ക്ക് ലഭ്യമാവും.മൊബൈല്‍ റേഞ്ചിനായി ഏറുമാടത്തിലും മരത്തിലും കയറുന്ന കണ്ണവം ചെന്നപ്പൊയില്‍ ആദിവാസി കോളനികളിലെ കുട്ടികളുടെ ദുരിതം മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.കേരള വിഷനുമായി സഹകരിച്ച്‌ ഒരു വര്‍ഷത്തേക്ക് ഈ മേഖലയില്‍ സൗജന്യമായാണ് വൈഫൈ കണക്‌ഷന്‍ നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. 30 ലക്ഷം രൂപ ചെലവഴിക്കും. നെറ്റ്‌വര്‍ക്ക്‌ കണക്‌ഷനുള്ള കൂടുതല്‍ സ്വകാര്യ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലമാക്കും. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് സഹായം നല്‍കും.20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കണക്‌ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. ചാനല്‍ പാര്‍ട്‌ണര്‍മാരുടെയും പ്രാദേശിക കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെയും സഹായത്തോടെ ഫൈബര്‍ കണക്‌ഷനുകളാണ്‌ ബി.എസ്‌.എന്‍.എല്‍ നല്‍കുന്നത്‌.ആലക്കോട്‌ തൂവേങ്ങാട്‌ കോളനി, പയ്യാവൂര്‍ വഞ്ചിയം കോളനി, മാടക്കൊല്ലി, ആടാംപാറത്തട്ട്‌, കോളാട്‌ പെരുവ കോളനി എന്നിവിടങ്ങളിലെ വീടുകളില്‍ കണക്‌ഷന്‍ ഉടന്‍ കിട്ടും. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ സഹായത്തോടെ പെരുവ കോളനിയില്‍ 150 എഫ്‌.ടി.ടി.എച്ച്‌ കണക്‌ഷന്‍ നല്‍കിക്കഴിഞ്ഞു. കണ്ണപുരം, നടുവില്‍ പഞ്ചായത്തുകളിലും ഫൈബര്‍ കണക്‌ഷനായി.

Previous ArticleNext Article