Kerala, News

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ എന്ന ബോധവൽക്കരണ യജ്ഞവുമായി കണ്ണൂർ ജില്ലാ ഭരണകൂടം

keralanews kannur district administration with the awareness program satyamev jayate to educate students about the fake news spread through the social media

കണ്ണൂർ:സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ  വാർത്തകൾക്കെതിരെ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ എന്ന യജ്ഞവുമായി കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും.കഴിഞ്ഞ വർഷം ഒക്ടോബറിൽ നടപ്പിലാക്കിയ എംആർ വാക്‌സിനേഷൻ കാമ്പയിനിൽ തങ്ങളുടെ കുട്ടികൾക്ക് വാക്‌സിനേഷൻ നല്കാൻ ആഗ്രഹിക്കാത്ത രക്ഷിതാക്കൾ കളക്റ്ററിൽ നിന്നും ഒപ്പ് വാങ്ങണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.ഇതനുസരിച്ച് നിരവധി രക്ഷിതാക്കളാണ് കല്കട്ടറിൽ നിന്നും ഒപ്പ് വാങ്ങുന്നതിനായി എത്തിയത്.ഇവരോട് കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി വാക്‌സിനേഷൻ നല്കാൻ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ചു.അതിനവർ നൽകിയ മറുപടി വാക്‌സിനേഷൻ അപകടകരമാണെന്ന് തങ്ങൾ സോഷ്യൽ മീഡിയ വഴി അറിഞ്ഞു എന്നതാണ്.ഇതിലൂടെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ കണ്ണടച്ച് വിശ്വസിക്കുന്നുണ്ടെന്ന് കലക്റ്റർ തിരിച്ചറിഞ്ഞു.ഇതാണ് ഇത്തരത്തിലൊരു ബോധവൽക്കരണ യജ്ഞം ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് പ്രചോദനമായത്.ബോധവൽക്കരണ യജ്ഞത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ജില്ലയിലെ 150 അദ്ധ്യാപകർക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി. ട്രെയിനിങ് ലഭിച്ച അദ്ധ്യാപകർ സ്കൂളുകളിൽ എത്തി വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തും. വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും ദിനംപ്രതി വ്യാജവാര്‍ത്തകള്‍ ഒന്നും നോക്കാതെ ഫോര്‍വേഡ് ചെയ്തുവിടുന്നവര്‍ നിരന്തരം വിഡ്ഢികളാക്കപ്പെടുകയാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്തകള്‍ക്കും സന്ദേശങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഉടന്‍ കേസെടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും ‘നിപ’ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടി കളക്ടര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുംമുമ്പ് അതിന്റെ ഉറവിടം അന്വേഷിക്കുക.അതാരാണ് സൃഷ്ടിച്ചത്, തീയതി എന്നിവ പരിശോധിക്കുക. പുതിയ കാര്യങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നതാണ് വ്യാജവാര്‍ത്തകള്‍ പരക്കുന്നതിന്റെ മനഃശാസ്ത്രം.അത് മറ്റുള്ളവരില്‍ ആദ്യമെത്തിക്കുന്നത് താനാണെന്നതിലൂടെ ലഭിക്കുന്ന ശ്രദ്ധയാണ് ഇതിന്റെ ആത്മസംതൃപ്തി.വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ആത്മ നിര്‍വൃതിയടയുന്നത് അത് അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമ്പോഴാണ്. എന്നാല്‍ അവരെ കാത്തിരിക്കുന്നത് പൊലീസ് നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമുള്ള നിയമനടപടികളാണ്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വളരെയധികം പങ്ക് വഹിക്കുന്നത് സാധാരണ പൊതുജനമാണെന്നും കളക്ടര്‍ പറഞ്ഞു.സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുക  എന്നുള്ളത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. ഇന്റര്‍നെറ്റ് അദ്ഭുതകരമായ വേദിയാണെങ്കിലും അതിന്റെ അമിതവും നിരുത്തരവാദപരവുമായ ഉപയോഗമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 സ്കൂളുകളിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്  വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി ക്ലാസ് നടത്തുമെന്ന് ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു.പിന്നീട് മറ്റു സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ഐ.ടി. അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous ArticleNext Article