കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലേക്കു വിദേശ കമ്പനികളുടെ എയർ റൂട്ടുകൾ അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്നു പി.കെ.ശ്രീമതി എംപി. കണ്ണൂർകണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കു സഹായകമാകുന്ന ക്യൂ ലെസ് സിസ്റ്റം നടപ്പാക്കാൻ ശ്രമിക്കും. കണ്ണൂർ വിമാനത്താവളത്തെ ഹരിത വിമാനത്താവളമായി പ്രഖ്യാപിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും കത്ത് അയയ്ക്കുമെന്നും ശ്രീമതി എംപി അറിയിച്ചു.കണ്ണൂർ വിമാനത്താവളം പൂർത്തിയാകുന്ന സാഹചര്യത്തിൽ കണ്ണൂർ കേന്ദ്രീകരിച്ചു റീജനൽ പാസ്പോർട്ട് ഓഫിസ് ആരംഭിക്കുന്നതിനു ശ്രമം നടത്തും. അഴീക്കൽ തുറമുഖ വികസനത്തിനു ശ്രമം തുടരും. എരമം സൈബർ പാർക്ക് പ്രവൃത്തി പദത്തിലെത്തിക്കും.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങൾക്കു ശേഷം കണ്ണൂരിനെ സ്മാർട് സിറ്റിയാക്കാൻ പരിഗണിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. റോഡ് വികസനത്തിനു കേരളത്തിൽ ഏറ്റവും കൂടുതൽ കേന്ദ്ര ഫണ്ട് കണ്ണൂർ ജില്ലയ്ക്കു നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.180 കോടി രൂപയുടെ റോഡ് വികസന ഫണ്ടാണ് പാസായത്. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി ശ്രമം തുടരുമെന്നും പി.കെ.ശ്രീമതി എംപി വ്യക്തമാക്കി