കണ്ണൂര്‍:കോര്‍പ്പറേഷന്‍ 2021-2022 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍ അവതരിപ്പിച്ചു.378,15,65,300 രൂപ വരവും 377,10,95,776/ രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.ബദല്‍ വരുമാന മാര്‍ഗമെന്ന നിലയില്‍ 100 കോടി രൂപ കടപ്പത്രത്തില്‍ കൂടി കണ്ടെത്താനുള്ള നിര്‍ദ്ദേശവും ബജറ്റിലുണ്ട്. 10 വര്‍ഷം കൊണ്ട് തിരിച്ചടക്കാവുന്ന രീതിയിലാണ് കടപ്പത്രം സ്വീകരിക്കുക.കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ വികസനത്തിനായി കൊണ്ടുവന്ന പദ്ധതികള്‍ ബജറ്റില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. ജലദൗര്‍ലഭ്യം ഇപ്പോഴും അനുഭവിക്കുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ ബജറ്റില്‍ രണ്ട് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വന്തമായി സ്ഥലമുണ്ടെങ്കിലും വീട് വെക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് പ്രധാന്‍ മന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി നഗരസഭാ വിഹിതമായി രണ്ട് ലക്ഷം രൂപ നല്‍കും. സ്ഥലവും വീടുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി മൂന്ന് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
വര്‍ഷങ്ങളുടെ പഴക്കമുള്ള കോര്‍പ്പറേഷന് പുതിയ കെട്ടിട സമുച്ഛയമെന്ന നിർദേശം ഇത്തവണത്തെ ബജറ്റിലും ഒന്നാമത്തെ നിർദേശമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എത്രത്തോളം നടപ്പാക്കാന്‍ സാധിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയാണ്. കണ്ണൂര്‍ മുനസിപ്പാലിറ്റിയായിരുന്ന സമയത്ത് തന്നെ ഈ നിര്‍ദ്ദേശം നിലവിലുണ്ട്. എന്നാല്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റി കോര്‍പ്പറേഷനായി മാറിയിട്ടും ഇതുവരെ ടെണ്ടര്‍ നടപടിപോലും പൂര്‍ത്തിയായിട്ടില്ല. 25 കോടി രൂപയാണ് പുതിയ ആസ്ഥാനമന്ദിരത്തിനുള്ള നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്. മൃഗങ്ങളും കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും അലഞ്ഞ് തിരിയുന്ന നായ്ക്കളും ചത്താല്‍ സംസ്‌കരിക്കുന്നതിനുള്ള ആനിമല്‍ ക്രിമറ്റോറിയം നിർമാണത്തിനായി 10 ലക്ഷം രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. പയ്യാമ്പലത്തെ ആധുനിക ക്രിമറ്റോറിയത്തിനും ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് ചേമ്പറുള്ള ക്രിമറ്റോറിയത്തിന്റെ പ്രവര്‍ത്തനം നടന്നു വരികയാണ്. ഇതിനു പുറമേ മൂന്ന് ചേമ്പറുള്ള ക്രിമറ്റോറിയം കൂടി നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. പയ്യാമ്പലത്ത് ഇപ്പോഴും പാരമ്പര്യ രീതീയില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിക്കുന്നത്. ശുചിത്വ നഗരം സുന്ദര നഗരം ക്യാമ്പയിനിന്റെ ഭാഗമായി നഗരശുചീകരണത്തിനായി യന്ത്രവല്‍കൃത വാഹനങ്ങള്‍ (മെക്കനൈസ്ഡ് വെഹിക്കിള്‍)വാങ്ങും. റോഡിലെ പൊടിപടലങ്ങളടക്കം വലിച്ചെടുക്കുന്ന സംവിധാനമാണ് നടപ്പിലാക്കുക. നഗരത്തിലെ റോഡുകളുടെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക രീതിയിലുള്ള എക്‌സ്‌കവേറ്റര്‍ വാങ്ങും. ഒരു കോടി മൂപ്പത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. കക്കാട് പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിനായും മറ്റ് ടൂറിസം സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കുകയും ചെയ്യുന്നതിനായി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.